തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ അറസ്റ്റിലായ പി.സി ജോര്‍ജിന്‍റെ മൊഴിയെടുക്കല്‍ ആരംഭിച്ചു. തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തുന്നത്. പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത ജോർജിനെ എ.ആര്‍ ക്യാമ്പില്‍ പത്ത് മണിയോടെയാണ് എത്തിച്ചത്.
തുടര്‍ന്ന് വിശ്രമവും, ഭക്ഷണവും അനുവദിച്ച ശേഷമാണ് പൊലീസ് നടപടി ക്രമങ്ങളിലേക്ക് കടന്നത്. ആദ്യം അറസ്റ്റിനുള്ള പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്.
മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധന നടത്തും. അനുകൂലിച്ചും എതിര്‍ത്തും പ്രതിഷേധം നടക്കുന്നതിനാല്‍ ആശുപത്രിയില്‍ എത്തിക്കാതെ ഡോക്‌ടറെ ക്യാമ്പില്‍ എത്തിച്ചാകും വൈദ്യപരിശോധന നടത്തുക. നാല് മണിക്ക് മുമ്പ് തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ഹാജരാക്കൽ ഓണ്‍ലൈനായോണോ മജിസ്‌ട്രേറ്റിന്‍റെ വീട്ടില്‍ നേരിട്ട് എത്തിക്കണമോ എന്നത് സംബന്ധിച്ച് പൊലീസ് ചര്‍ച്ചകള്‍ തുടരുകയാണ്. ശക്തമായ സുരക്ഷയാണ് എ.ആര്‍. ക്യാമ്പില്‍ ഒരുക്കിയിരിക്കുന്നത്. പ്രമുഖ അഭിഭാഷകനായ ശാസ്‌തമംഗലം അജിത്താണ് ജോര്‍ജിനു വേണ്ടി ഹാജരാകുന്നത്.
READ MORE: വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജ് അറസ്റ്റില്‍