തിരുവനന്തപുരം : മറുനാടൻ മലയാളിയുടെ തിരുവനന്തപുരത്തെ പട്ടം ഓഫിസിൽ പൊലീസ് റെയ്‌ഡ്. 29 കമ്പ്യൂട്ടറുകൾ, ക്യാമറകൾ, ലാപ്ടോപ്പ് എന്നിവയാണ് പൊലീസ് റെയ്‌ഡിൽ പിടിച്ചെടുത്തത്. ഇന്നലെ രാത്രി 12 മണിയോടുകൂടിയായിരുന്നു കൊച്ചി സിറ്റി പൊലീസിന്‍റെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തിയത്. സ്ഥാപനത്തിലേക്ക് ജീവനക്കാർ പ്രവേശിക്കരുത് എന്നും നിർദേശമുണ്ട്. സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുന്നതിന്‍റെ ഭാഗമായാണ് തലസ്ഥാനത്തെ ഓഫിസിലും റെയ്‌ഡ്.
ഓഫിസിലെ ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. പി വി ശ്രീനിജൻ എംഎൽഎ ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് പൊലീസ് നടപടി. ചാനൽ മേധാവി ഷാജൻ സ്‌കറിയക്കെതിരെ എസ് സി എസ് ജി പീഡന നിരോധന നിയമം അനുസരിച്ച് പൊലീസ് കേസെടുത്തിരുന്നു. അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വാദിച്ചുകൊണ്ട് ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ജാമ്യ അപേക്ഷ തള്ളി. ഷാജൻ സ്‌കറിയ നിലവിൽ ഒളിവിലാണ്.
മറുനാടൻ മലയാളിയുടെ റിപ്പോർട്ടർമാരുടെ വീടുകളിലും പൊലീസ് റെയ്‌ഡ്: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മറുനാടൻ മലയാളി ഓഫിസുകളിൽ നടത്തുന്ന റെയ്‌ഡിന് പുറമേ റിപ്പോർട്ടർമാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുന്നു. കൊല്ലം ജില്ലയിൽ ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടറെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിന് പുറമേ എറണാകുളം ജില്ലയിലെ മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. തിരുവനന്തപുരത്ത് മരുതംകുഴി, വലിയവിള സ്വദേശികളായ ജീവനക്കാരുടെ വീട്ടിലാണ് പരിശോധന നടത്തിയത്.
ഷാജൻ സ്‌കറിയക്കായി തെരച്ചിൽ തുടർന്ന് പൊലീസ് : പൊലീസ് റെയ്‌ഡ് തുടരുന്നതിനിടെ ഒളിവിൽ പോയ ഷാജൻ സ്‌കറിയക്കായി തെരച്ചിൽ തുടർന്ന് പൊലീസ്. മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. ഷാജന്‍ സ്‌കറിയയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് വിമാനത്താവളങ്ങളിൽ അടക്കം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മംഗളം ലേഖകനും കേരള പത്രപ്രവർത്തക യൂണിയൻ പത്തനംതിട്ട ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജി വിശാഖിന്‍റെ വീട്ടിലും പൊലീസ് റെയ്‌ഡ് നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി പത്തനംതിട്ട ജില്ല കമ്മിറ്റി രംഗത്ത് എത്തി. കഴിഞ്ഞ ജൂലൈ മൂന്നിനായിരുന്നു പൊലീസ് റെയ്‌ഡ് നടത്തിയത്. സംസ്ഥാനത്ത് മാധ്യമപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി വേട്ടയാടാൻ പൊലീസ് കാട്ടുന്ന ആവേശം ഭരണകൂട ഭീകരതയാണ് പ്രകടമാക്കുന്നത് എന്നും മറുനാടൻ മലയാളി ഓൺലൈൻ ചാനലുമായി ബന്ധപ്പെട്ട മാനനഷ്‌ട കേസിൽ മാധ്യമപ്രവർത്തകർ സംസ്ഥാനത്ത് ആകമാനം പീഡനങ്ങൾക്ക് വിധേയമായി വരികയാണെന്നും യൂണിയൻ ജില്ല പ്രസിഡന്‍റ് സജിത്ത് പരമേശ്വരൻ പറഞ്ഞു.