തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് ബോധവത്കരണത്തിന് മാവേലിയെ രംഗത്തിറക്കി സിറ്റി പൊലീസ്. മാസ്കും സാമൂഹ്യ അകലവും ഓണാഘോഷത്തിനിടെ കൈവിടരുതെന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. ക്വാറന്‍റൈൻ കാലാവധി ഓർമിപ്പിച്ച് തിരുവോണത്തിന് രണ്ടാഴ്ച മുമ്പാണ് സേഫ് ഓണം ക്യാമ്പയിനുമായി മാവേലിയെത്തിയത്. രണ്ടാഴ്‌ച കഴിഞ്ഞ് ഞാൻ ഇവിടെ വരണമെങ്കിൽ നിങ്ങൾ സാമൂഹ്യ അകലം പാലിക്കണമെന്നാണ് മാവേലി പ്രജകളെ ഓർമിപ്പിക്കുന്നത്.
നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ പ്രധാന ജംഗ്ഷനുകളിലും ചന്തകളിലും വ്യാപാരകേന്ദ്രങ്ങളിലും മാവേലിയും പൊലീസും പ്രചാരണം നടത്തും. പാളയം കണ്ണിമാറ മാർക്കറ്റിൽ സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ ബോധവത്കരണത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വേണ്ടതെല്ലാം പൊലീസ് ചെയ്യുന്നുണ്ടെന്നും പൊലീസിന്‍റെ നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും കമ്മിഷണർ പറഞ്ഞു.