തിരുവനന്തപുരം: മലയാള സിനിമ ഗാനങ്ങളുടെ കൂട്ടത്തില്‍ എക്കാലവും മികച്ചുനില്‍ക്കുന്ന ഒരുപിടി അവിസ്മരണീയ ഗാനങ്ങള്‍ സമ്മാനിച്ച പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. 75 വയസായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊവിഡിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും കടുത്ത ശ്വാസതടസ്സത്തേയും തുടർന്ന് വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
1200ൽ അധികം ഗാനങ്ങളുടെ രചയിതാവ്
മലയാളത്തിലെ എക്കാലത്തെ ഹിറ്റുകളായ ഗാനങ്ങളിലൂടെ ജനമനസ്സിൽ ഇടം പിടിച്ച ഗാന രചിയിതാവാണ് പൂവച്ചൽ ഖാദർ. 400 ലധികം സിനിമകൾക്കായി 1200 ഗാനങ്ങൾക്ക് അദ്ദേഹം വരികളെഴുതി. സ്കൂൾ പഠന കാലം മുതൽ കവിതകൾ എഴുതിയിരുന്ന പൂവച്ചൽ ഖാദർ 1973 ൽ കവിത എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ഗാന രംഗത്തേക്ക് എത്തുന്നത്. കാറ്റ് വിതച്ചവൻ എന്ന ചിത്രത്തിലെ നീ എൻ്റെ പ്രാർത്ഥന കേട്ടു ,മഴവില്ലിനജ്ഞാത വാസം തുടങ്ങിയ ഗാനങ്ങളിലൂടെ വരവറിയിച്ചു. പിന്നീട് ആ തൂലിക തുമ്പിൽ നിന്ന് പിറന്നു വീണത് മലയാളിയും മലയാളവും ഉള്ളിടത്തോളം മറക്കാത്ത സൂപ്പർ ഹിറ്റ് ഗാനങ്ങളാണ്.
എക്കാലത്തെയും ഹിറ്റുകൾ
മൗനമേ നിറയും മൗനമേ , സിന്ദൂര സന്ധ്യയ്ക്ക് മൗനം, രാജീവം വിടരും നിൻ മിഴികൾ, നാണമാവുന്നു മേനി നോവുന്നു , ഇത്തിരി നാണം പെണ്ണിന് കവിളിൽ, ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ, കിളിയേ കിളിയേ, പൂമാനമേ ഒരു രാഗമേഘം താ, കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ, മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ, നാഥ നീ വരും കാലൊച്ച കേൾക്കുവാൻ, അനുരാഗിണി ഇതാ എൻ തുടങ്ങിയവ എന്നും മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗാനങ്ങളാണ്.
Also Read: 'മകള്‍ ആത്മഹത്യ ചെയ്തതല്ല, കിരണ്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്' : വിസ്‌മയയുടെ അച്ഛന്‍
തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്ന ഗ്രാമത്തിൽ ആലമുക്ക് ഇടവഴി തലയ്ക്കൽ വീട്ടിൽ അബൂബേക്കർ കുഞ്ഞിൻ്റെയും റാബിയത്തുൽ അദബിയാ ബീവിയുടേയും മകനായി 1948 ഡിസംബർ 25 നാണ് പൂവച്ചൽ ഖാദറിൻ്റെ ജനനം. ആക്കോട്ട് വീട്ടിലെ അമിനാബീവിയാണ് ഭാര്യ. മക്കള്‍: തുഷാര, പ്രസൂന. മരുമക്കള്‍: സലീം (സഹകരണ വകുപ്പ്), അഹമ്മദ് ഷെറിന്‍ (കേരള യൂണിവേഴ്സിറ്റി). ഖബറടക്കം ചൊവ്വാഴ്ച കുഴിയന്‍ കോണം മുസ്‌ലീം ജമാഅത്ത് പള്ളി ഖബറിസ്ഥാനില്‍.