തിരുവനന്തപുരം: മാനസിക പ്രയാസങ്ങളെ തുടര്‍ന്ന് കൗണ്‍സിലിങ്ങിനെത്തിയ 13കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ ഗിരീഷ് (59) കുറ്റക്കാരനാണെന്ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്‌ജ് ആജ് സുദര്‍ശന്‍. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌ത പ്രതിക്ക് വ്യാഴാഴ്‌ച ശിക്ഷ വിധിക്കും. നേരത്തെ മറ്റൊരു ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഇയാളെ ആറ് വര്‍ഷം കോടതി കഠിന തടവിന് ശിക്ഷിച്ചിരുന്നു.
ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വീണ്ടും പീഡന കേസില്‍ അറസ്റ്റിലായത്. 2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി 21 വരെ ക്ലിനിക്കില്‍ കൗണ്‍സിലിങ്ങിനെത്തിയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത്. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്‍റ് പ്രൊഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ വീടിനോട് ചേർന്ന സ്വകാര്യ സ്ഥാപനമായ (ദേ പ്രാക്‌സിസ് പ്രാക്‌ടീസ് ടു പെർഫോം) എന്ന സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.
പീഡന വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. നിരന്തരമുണ്ടായ പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില വഷളായി. ഇതോടെ മറ്റ് ഡോക്‌ടറെ സമീപിക്കാന്‍ പ്രതി നിര്‍ബന്ധിച്ചു. മറ്റ് ഡോക്‌ടര്‍മാരുടെ ചികിത്സക്കിടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്.
മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് തന്നിട്ടുണ്ടെന്നും പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. ഇതോടെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പീഡനത്തെ തുടര്‍ന്നാണ് കുട്ടിയുടെ മനോനില പൂര്‍ണമായും തകര്‍ന്നതെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. ഫോർട്ട് എസ്ഐമാരായ കിരൺ ടി.ആർ, എ.അനീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.