നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്കോടതിയാണ് റിമാൻഡ് ചെയ്തത്. അറസ്റ്റിലായ മുൻ ഇമാം ഷെഫീക്ഖാസിമി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. വീട്ടില്‍ വിടാമെന്ന് പറഞ്ഞ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും പെണ്‍കുട്ടിയെ ഇന്നോവ കാറിൽ കയറ്റി പേപ്പാറയിലുള്ള വനത്തിനോട് ചേര്‍ന്ന പ്രദേശത്തുകൊണ്ടുപോയി.ഇവിടെ വച്ച് വാഹനത്തിനുള്ളിൽ കുട്ടിയെ കണ്ട സ്ത്രീകള്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ രക്ഷപ്പെട്ടുവെന്നും പ്രതി മൊഴി നൽകി.
ഇമാമിന്‍റെ സഹോദരൻ നൗഷാദാണ് ഒളിവിൽ പോകാനുള്ള സഹായം നൽകിയത്. ഇയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.നൗഷാദിന്‍റെഅറസ്റ്റിനുശേഷം ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ഒരു ലോഡ്ജിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇമാമിലേക്കെത്തിപ്പെടാൻ പൊലീസിനെ സഹായിച്ചത്. ഇന്നലെയാണ് മധുരയിൽ നിന്നും ഇമാമിനെയും സഹായിയെയും പൊലീസ് പിടികൂടിയത്. കേസിൽ അഞ്ച് പ്രതികള്‍ ഇതുവരെ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി. അശോകന്‍റെ നേതൃത്വത്തിലുള്ള റൂറൽ ഷാഡോ പൊലീസാണ് പ്രതികളെ പിടികൂടിയത്. മൊബൈല്‍ ഫോണും സ്വന്തം ബാങ്ക് അക്കൗണ്ടുകളും ഉപയോഗിക്കാതെയാണ് ഇമാം ഒളിവില്‍ താമസിച്ചിരുന്നത്.