തിരുവനന്തപുരം: അമ്മയുടെ രണ്ടാം ഭർത്താവായ പോക്സോ കേസ് പ്രതിക്കൊപ്പം ഇരയായ കുട്ടിയെയും പരാതിക്കാരിയായ അമ്മയെയും വിട്ട സംഭവത്തിൽ മലയിൻകീഴ് പൊലീസിനെതിരെ അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം. റൂറൽ എസ്‌പിക്കാണ് സംഭവം അന്വേഷിക്കാൻ നിർദേശം നൽകിയത്. കുട്ടിയെ പീഡിപ്പിച്ചെന്ന് അമ്മ പരാതി നൽകിയപ്പോൾ അന്വേഷണത്തിനെത്തിയ പൊലീസ് പ്രതിയെ കണ്ടിട്ടും അറസ്റ്റ് ചെയ്‌തില്ലെന്ന് യുവതി ആരോപിച്ചിരുന്നു.
സെപ്റ്റംബർ ഒന്നിനാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കുട്ടി മജിസ്ട്രേട്ടിന് മൊഴി നൽകുകയും വൈദ്യപരിശോധന നടത്തുകയും ചെയ്‌തു. പീഡിപ്പിക്കപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് പൊലീസ് ഇരയെയും പരാതിക്കാരിയെയും പ്രതി താമസിക്കുന്നിടത്ത് എത്തിച്ചത്.
ഇവിടെ പ്രതിയുണ്ടായിരുന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്‌തില്ല. അന്നു രാത്രി പ്രതിയും യുവതിയും തമ്മിലുള്ള തർക്കത്തിനിടെ പ്രതിക്കു വെട്ടേറ്റ് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ഇവർ 45 ദിവസം ജയിലിൽ കഴിയുകയും ചെയ്‌തു.
വ്യോമസേന ഉദ്യോഗസ്ഥനാണ് പ്രതി. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ഇയാളുമായി മാട്രിമോണിയൽ പരസ്യത്തിലൂടെ പരിചയപ്പെട്ടാണ് പരാതിക്കാരി വിവാഹം കഴിച്ചത്. കുട്ടിയെ ഇയാൾ പീഡിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു.
Also Read: Malayinkeezhu pocso case: പോക്സോ കേസ് പ്രതിയോടൊപ്പം ഇര: പൊലീസിനെതിരെ അമ്മ