തിരുവനന്തപുരം : വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ഉൾപ്പടെ വിവിധ ചടങ്ങുകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന ഭീഷണി കത്ത് പുറത്തുവന്ന സാഹചര്യത്തിൽ പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കുന്നത്. നാളെ കൊച്ചിയിലാണ് മോദി എത്തുന്നത്.
കൊച്ചിയിൽ വൈകിട്ട് മോദി റോഡ് ഷോയിലും യുവാക്കളെ അണിനിരത്തിയുള്ള യുവം പരിപാടിയിലും പങ്കെടുക്കും. യുവം പരിപാടിയിൽ മോദിക്കൊപ്പം, അടുത്തിടെ ബിജെപിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി വേദി പങ്കിടും. തുടർന്ന് 25 നാണ് വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചടങ്ങിനായി മോദി തിരുവനന്തപുരത്ത് എത്തുന്നത്. ശേഷം, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കും.
ജല മെട്രോ അടക്കമുള്ള വികസന പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും മോദി നിർവഹിക്കും. കൊച്ചിയിൽ 24ന് നടക്കുന്ന യുവം പരിപാടിയിൽ 2,500 പേരെ മാത്രം പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. തേവര എസ്എച്ച് കോളജ് മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി നടക്കുക.
അതേസമയം, കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ പൊലീസ് ഇന്ന് ഉന്നതതല യോഗം ചേരും. വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊച്ചിയിൽ മാത്രം 2,000 ൽ അധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. എസ് പി ജിക്കും (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) കേരള പൊലീസിനുമാകും പ്രധാനമന്ത്രിയുടെ സുരക്ഷാചുമതല.
തിരുവനന്തപുരത്തും വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 25ന് കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോ അടച്ചിടും. രാവിലെ എട്ട് മണി മുതൽ 11 വരെയാണ് അടച്ചിടുക. തമ്പാനൂർ ബസ് ടെർമിനലിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഉൾപ്പടെ എല്ലാ വാഹനങ്ങളും ഒഴിപ്പിക്കും. കെഎസ്ആർടിസി എക്‌സിക്യുട്ടീവ് ഡയറക്‌ടർമാരും സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവും തമ്മിൽ ഇന്നലെ നടന്ന യോഗത്തിലാണ് തീരുമാനം.
കെഎസ്ആർടിസി ബസുകൾ ഉൾപ്പടെ എല്ലാ വാഹനങ്ങളുടേയും പാർക്കിങ് 24ന് വൈകിട്ട് തന്നെ ഒഴിപ്പിക്കും. 25ന് തമ്പാനൂർ ഡിപ്പോയിൽ നിന്നുള്ള ബസുകൾ വികാസ് ഭവൻ ഡിപ്പോയിൽ നിന്നാകും സർവീസ് നടത്തുക. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും പാർക്കിങ് പൂർണമായും ഒഴിപ്പിച്ചു.
വന്ദേഭാരതിന്‍റെ ആദ്യ സര്‍വീസ് പ്രധാന സ്റ്റേഷനുകളില്‍ നിര്‍ത്തും. ചൊവ്വാഴ്‌ച രാവിലെ 10.30നാണ് പ്രധാനമന്ത്രി തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സര്‍വീസിന് പച്ചക്കൊടി വീശുക. അന്ന് കാസര്‍കോട് വരെ പ്രത്യേക സര്‍വീസ് വന്ദേഭാരത് നടത്തുന്നുണ്ട്.
പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലെങ്കിലും പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് സര്‍വീസ്. ഈ സര്‍വീസാണ് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തുക. രണ്ട് മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് സ്ഥിരം സ്റ്റോപ്പില്ലാത്തയിടങ്ങളിലും ട്രെയിന്‍ നിര്‍ത്തുന്നത്.
രാവിലെ 10.30ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്ന സര്‍വീസ് കൊല്ലം,കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ചാലക്കുടി, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാകും നിർത്തുക.