തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. 3200 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ മടക്കം. രാവിലെ 11.12 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ വന്ദേ ഭാരത്തിന്‍റെ ഉദ്ഘാടന യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തത്.
മുൻ നിശ്ചയിച്ചതിനേക്കാൾ അരമണിക്കൂറോളം താമസിച്ചാണ് പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തിച്ചേർന്നത്. തമ്പാനൂർ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി 3200 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചത്. 1900 കോടിയുടെ റെയിൽവേ വികസന പദ്ധതികൾ ഉൾപെടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 3200 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ വിമാനത്താവള മാതൃകയിൽ നവീകരിക്കാൻ 496 കോടി രൂപയുടെ പദ്ധതി. വർക്കല ശിവഗിരി സ്‌റ്റേഷൻ നവീകരണത്തിന് 170 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു. നാല് പുതിയ ട്രാക്കുകൾ ഉൾപെടെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷന്‍റെ നവീകരണത്തിനായി 473 കോടി രൂപയുടെ മാസ്‌റ്റർ പ്ലാനും പ്രധാനമന്ത്രി അവതരിപ്പിച്ചു.
ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ച 1515 കോടി രൂപയുടെ ഡിജിറ്റൽ സയൻസ് പാർക്കിന്‍റെ വികസനത്തിനായി 200 കോടി രൂപയുടെ അനുമതി എന്നിവയാണ് പ്രധാനമന്ത്രിയും റെയിൽവേ മന്ത്രിയും പ്രഖ്യാപിച്ച വികസന പദ്ധതികൾ.
റെയിൽവേ വികസന പദ്ധതികൾ : 179 കിലോമീറ്റര്‍ ദൂരത്തിലുള്ള റെയില്‍വേ ട്രാക്കുകളാണ് വൈദ്യുതവത്കരിക്കുന്നത്. 242 കോടി രൂപ ചെലവിട്ടാണ് പാലക്കാട്-പളനി-ഡിണ്ടിഗല്‍ റെയില്‍പാത നവീകരിക്കുന്നത്. വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ റെയില്‍പാതയില്‍ മെമു ട്രെയിനുകളെ വിന്യസിക്കാനാവുകയും ഈ മാര്‍ഗമുള്ള റെയില്‍വേ ട്രാഫിക്ക് പൂര്‍ണമായി വൈദ്യുതവത്കരിക്കാനും സാധിക്കും.
തിരുവനന്തപുരം, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുകളുടെ വികസന പദ്ധതികളുടെ തറക്കല്ലിടല്‍. 1140 കോടി രൂപ ചെലവഴിച്ചാണ് തിരുവനന്തപുരം ജില്ലയിലെ ഈ മൂന്ന് പ്രധാന റെയില്‍വേ സ്‌റ്റേഷനുകളുടെ വികസന പദ്ധതി. വിമാനത്താവളങ്ങളുടെ മാതൃകയില്‍ ഈ റെയില്‍വേ സ്‌റ്റേഷനുകളെ നവീകരിക്കുകയാണ് ലക്ഷ്യം. മള്‍ട്ടി ലെവല്‍ വാഹന പാര്‍ക്കിങ് സൗകര്യം, മള്‍ട്ടി മോഡല്‍ കണക്‌ടിവിറ്റി എന്നിങ്ങനെ സംവിധാനങ്ങള്‍ ഉള്‍പെടുത്തിയുള്ള പദ്ധതിയാണിത്.
156 കോടി രൂപയുടെ പദ്ധതിയായ തിരുവനന്തപുരം മേഖലയുടെ റെയില്‍വേ വികസന പദ്ധതിയുടെ തറക്കല്ലിടല്‍. കൊച്ചുവേളി സാറ്റ്‌ലൈറ്റ് ടെര്‍മിനലിന്‍റെ വികസനം, നേമത്ത് പുതിയ ടെര്‍മിനല്‍ എന്നിങ്ങനെ സമഗ്രമായ റെയില്‍വേ വികസന പദ്ധതിയാണിത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ തലസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകും.
ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍: കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനും ഇത് സഹായകരമാകും. പുതുതായി വരുന്ന നേമം ടെര്‍മിനലില്‍ നിന്ന് നാഗര്‍കോവില്‍/ മധുരൈ ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും ട്രെയിന്‍ സര്‍വീസുകള്‍ ഉള്‍പെടുത്താനാകും. കൂടാതെ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനില്‍ അധികമായി ഒരു പ്ലാറ്റ്‌ഫോമും റെയില്‍ട്രാക്കും ഉള്‍പെടുത്തുന്നതാണ് പദ്ധതി.
381 കോടി രൂപയുടെ പദ്ധതിയായ തിരുവനന്തപുരം - ഷൊര്‍ണൂര്‍ സെക്ഷനിലെ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ തറക്കല്ലിടല്‍. 326.83 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ടിലെ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ഈ പദ്ധതി സഹായകരമാകും. ഇതോടെ തിരുവനന്തപുരം - ഷൊര്‍ണൂര്‍ സെക്ഷനിലെ സര്‍വീസുകളും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചതോടെ മാറി വന്ന കേന്ദ്ര സർക്കാരുകൾ കേരളത്തിലെ റെയിൽവേക്ക് നല്‍കിയ അവഗണന തെരഞ്ഞെടുപ്പിൽ ആയുധമാക്കാനുള്ള അവസരമാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം കൊച്ചി വാട്ടർ മെട്രോ പൂർണമായും സംസ്ഥാന സർക്കാരിന്‍റെ പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രസംഗത്തിനിടെ ഊന്നിപറഞ്ഞിരുന്നു.