ന്യൂഡല്‍ഹി: അക്ഷര മുത്തശ്ശി ഭാഗീരഥിയമ്മയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. ഭാഗീരഥിയമ്മയുടെ ജീവിത യാത്രയില്‍ നിന്നും ഒരു പാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
"ബഹുമാന്യയായ ഭാഗീരഥിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ജീവിത യാത്രയിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്, പ്രത്യേകിച്ചും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവരുടെ നിത്യമായ അഭിനിവേശം. അവരുടെ നിര്യാണത്തിൽ ദുഃഖിക്കുന്നു" പ്രധാനമന്ത്രി കുറിച്ചു.
106-ാം വയസിൽ നാലാം ക്ലാസ് തുല്യത പരീക്ഷ പാസായ പ്രാക്കുളം സ്വദേശിനിയായ ഭാഗീരഥിയമ്മ ജൂലൈ 22ന് അര്‍ധരാത്രിയോടെയാണ് മരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു മരണം. നാളുകളായി ചികിത്സയിലായിരുന്നു.
also read: തെലങ്കാന-ആന്ധ്രാപ്രദേശ് അതിർത്തിയിൽ കാറപകടം; ഏഴ് പേർക്ക് ദാരുണാന്ത്യം
അതേസമയം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഭാഗീരഥിയമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സാക്ഷരത നേടാനുള്ള നിശ്ചയ ദാര്‍ഢ്യത്തിന്‍റെ പ്രതീകമായിരുന്നു നാരീശക്തി പുരസ്‌കാര ജേതാവായ ഭാഗീരഥിയമ്മ. പഠിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും പ്രചോദനമാണ് അമ്മയുടെ പ്രയത്‌നവും അതിലെ വിജയവുമെന്ന് ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.