തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ അരയും തലയും മുറുക്കി ബിജെപി ദേശീയ നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള താര പ്രചാരകരെ രംഗത്തിറക്കാനാണ് നീക്കം. ഒരു ഡസനോളം അഖിലേന്ത്യാ നേതാക്കളും ബിജെപി ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരും കേരളത്തില്‍ പ്രചാരണത്തിനെത്തും. ഇതിന്‍റെ ഭാഗമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് തലസ്ഥാനത്തെത്തി. കാട്ടാക്കട, വട്ടിയൂര്‍കാവ്, തിരുവനന്തപുരം മണ്ഡലം കമ്മിറ്റി ഓഫീസുകള്‍ അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്യും. ശേഷം കോവളം, അരുവിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും ഉദ്ഘാടനം ചെയ്യും. ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, യോഗി ആദിത്യ നാഥ്, യെദ്യൂരപ്പ, സിനിമാതാരങ്ങളായ ഖുശ്ബു, വിജയശാന്തി തുടങ്ങിയവരെയും കളത്തിലിറക്കാന്‍ ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്.
മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് പ്രധാനമന്ത്രി കേരളത്തില്‍ പ്രചാരണം നടത്തുക. അമിത് ഷാ മാര്‍ച്ച് 24, 25, ഏപ്രില്‍ 3 തീയതികളില്‍ കേരളത്തിലെത്തും. ജെ.പി നദ്ദ മാര്‍ച്ച് 27, 31 തീയതികളിലും കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്‌മൃതി ഇറാനി, സിനിമാതാരം ഖുശ്ബു എന്നിവര്‍ മാര്‍ച്ച് 28നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാര്‍ച്ച് 27നും സിനിമാതാരം വിജയശാന്തി 21, 22, 25, 26, 27, 29, 30,31 തീയതികളിലും പ്രചാരണത്തിനെത്തും. കാസര്‍ഗോഡ് ജില്ലയിലെ പര്യടനത്തില്‍ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയെ പങ്കെടുപ്പിക്കാനാണ് ആലോചിക്കുന്നത്.