തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചതിന് ശേഷം ആഗസ്റ്റ് 6 വരെയുള്ള കണക്കനുസരിച്ച് 50,322 പേർ സ്ഥിരം പ്രവേശനവും 19,840 പേർ താത്കാലിക പ്രവേശനവും നേടിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 2,38,150 പേർക്ക് ഒന്നാംഘട്ട അലോട്ട്മെന്‍റ് ലഭിച്ചു. 2,33,699 പേർക്കാണ് ഇനി അലോട്ട്മെന്‍റ് ലഭിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു.
മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്‍റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ പ്രവേശന നടപടികൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടാമത്തെ അലോട്ട്മെന്‍റ് ആഗസ്‌റ്റ് 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം ആഗസ്‌റ്റ് 16, 17 തീയതികളില്‍ നടക്കും. ഒന്നാം അലോട്ട്മെന്‍റിന്‍റെ പ്രവേശനം ആഗസ്‌റ്റ് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂര്‍ത്തീകരിക്കും.
ആകെ 4,71,849 പേരാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. 2,97,766 മെറിറ്റ് സീറ്റുകളാണ് ആകെ ലഭ്യമായിട്ടുള്ളത്. മെറിറ്റ് ക്വാട്ടയിൽ ഇനി ശേഷിക്കുന്നത് 59,616 സീറ്റുകളാണ്.
സ്പോർട്‌സ് ക്വാട്ടയിൽ 7,566 സീറ്റുകളും, മാനേജ്മെന്‍റ് ക്വാട്ടയിൽ 37,441 സീറ്റുകളും പിന്നോക്ക ന്യൂനപക്ഷ കമ്മ്യൂണിറ്റി ക്വാട്ടയിൽ 24,465 സീറ്റുകളും അൺഎയ്‌ഡഡ് ക്വാട്ടയിൽ 54,631 സീറ്റുകളുമടക്കം ആകെ 4,25,536 സീറ്റുകളാണുള്ളതെന്നും മന്ത്രി അറിയിച്ചു. അവസാന അലോട്ട്മെന്‍റ് ആഗസ്‌റ്റ് 22ന് പ്രസിദ്ധീകരിക്കും. പ്രവേശനം ആഗസ്‌റ്റ് 24 ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ ആഗസ്‌റ്റ് 25ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.