ആര്യൻകോട് അസംബ്ലീസ് ഓഫ് ഗോഡ് ആരാധനാലയത്തിന് തീയിട്ടു. സുവിശേഷ വിരോധികളാണ് പള്ളികത്തിച്ചത് എന്ന് അധികൃതർ ആരോപിച്ചു.
ആരാധന ഉപകരണങ്ങൾ, വേദപുസ്തകങ്ങൾ, പുതിയ ആരാധനാലയത്തിന്‍റെ പണികൾക്കായി വച്ചിരുന്ന തടി ഉരുപ്പടികൾ എന്നിവ പൂർണമായി കത്തിനശിച്ചു. ആരാധനാലയത്തിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് സാമൂഹിക വിരുദ്ധർ തീയിട്ടത്. അമ്പതിനായിരത്തോളം രൂപയുടെ തടികളാണ് കത്തിനശിച്ചത്.
ഇവിടെആരാധന നടത്താൻ പാടില്ല എന്ന കാണിച്ച് ഹിന്ദു ഐക്യവേദികോടതിയില്‍ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ഒന്നര വർഷത്തിന് മുമ്പേ അസംബ്ലീസ് ഓഫ് ഗോഡ് സഭയ്ക്ക് അനുകൂലമായ വിധി വന്നതിന്ശേഷം ആരാധന നടത്തി വരികയുമായിരുന്നു. ഇതിനിടെയാണ് ആരാധനാലയത്തിന് തീയിട്ടത്. രാവിലെ അഞ്ച് മണിയോടെ റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ് തീ കത്തുന്നത് കണ്ടത്. തുടർന്ന് പള്ളി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
വെള്ളറ സർക്കിൾ ഇൻസ്പെക്ടർ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ ആര്യങ്കോട് പൊലീസ് കേസെടുത്തു.