തിരുവനന്തപുരം: നെടുമങ്ങാട്-കന്യാകുമാരി സംസ്ഥാന പാതയിലെ ആറാട്ടുകുഴിക്ക് സമീപം പൂവൻകുഴിയിലെ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. വെള്ളറട ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്ത് അധികൃതർ ചാക്കുകെട്ടുകളിലായി സംസ്ഥാനപാതക്ക് സമീപം ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ സ്വകാര്യവ്യക്തികൾ മാലിന്യങ്ങൾ നിക്ഷേപിച്ച് കടന്നുകളയുന്നത് പതിവായിരിക്കുകയാണെന്നും പ്രദേശത്ത് മുഴുവന്‍ ദുർഗന്ധമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
പൊന്മുടി, കള്ളിക്കാട്, തൃപ്പരപ്പ്, ശിവലോകം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിന് സമീപമാണ് മാലിന്യക്കൂമ്പാരം നിക്ഷേപിച്ചിരിക്കുന്നത്. അതേസമയം പാതയോര ശുചീകരണത്തിന്‍റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങളാണ് ഇവയെന്നും ഇവ നീക്കം ചെയ്യേണ്ടത് ഗ്രീൻ കേരളയുടെ ചുമതലയാണെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വാദം. എന്നാൽ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്‌തില്ലെങ്കില്‍ മാലിന്യങ്ങളുമായി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.