തിരുവനന്തപുരം: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ പ്രസിഡന്‍റായി പികെ ശ്രീമതി ടീച്ചറെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് സമാപിച്ച ദേശീയ സമ്മേളനത്തിലാണ് പികെ ശ്രീമതിയെ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്. മറിയം ധവ്ളെ ജനറൽ സെക്രട്ടറിയായും പുണ്യവതി ട്രഷറർ സ്ഥാനത്തും തുടരും.
രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യം; 20 വർഷത്തിന് ശേഷമാണ് കേരളത്തിൽ നിന്ന് ഒരാൾ മഹിള അസോസിയേഷന്‍റെ പ്രധാന പദവിയിൽ എത്തുന്നത്. 1998 ൽ സുശീല ഗോപാലൻ സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് ശേഷം പ്രധാന ഭാരവാഹിത്വത്തിൽ എത്തുന്ന മലയാളിയാണ് ശ്രീമതി ടീച്ചർ.
ഭരണഘടന പരിഷ്‌കാരം; 13 അംഗ കേന്ദ്ര നിർവാഹക സമിതിയെയും 34 അംഗ സെക്രട്ടേറിയറ്റിനേയും സമ്മേളനം തെരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് കെകെ ശൈലജ, പി സതീദേവി, സൂസൻ കോശി, പികെ സൈനബ എന്നിവർ വൈസ് പ്രസിഡൻ്റുമാരാകും. ഇവർ ഉൾപ്പെടെ 15 വൈസ് പ്രസിഡൻ്റുമാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 9 സെക്രട്ടറിമാരിൽ സിഎസ് സുജാത, എൻ സുകന്യ എന്നിവർ കേരളത്തിൽ നിന്നുള്ളവരാണ്.
മൂന്ന് ടേം നിബന്ധന സംഘടനയിൽ നിർബന്ധമാക്കിയതിലൂടെ കൂടുതൽ പുതുമുഖങ്ങൾക്ക് നേതൃത്വത്തിലേക്ക് കടന്നു വരാൻ അവസരം ലഭിച്ചതായി പികെ ശ്രീമതി പറഞ്ഞു. കെകെ ലതിക, ഇ പത്മാവതി എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് എത്തിയ പുതുമുഖങ്ങൾ. ആദിവാസി മേഖലയിലെ വികസനം, തൊഴിലില്ലായ്‌മ എന്നിവ മുൻനിർത്തി കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധ നടത്താനും സമ്മേളനം തീരുമാനിച്ചു. 36 വർഷത്തെ ഇടവിളക്ക് ശേഷമാണ് തിരുവനന്തപുരം ദേശീയ സമ്മേളനത്തിന് വേദിയായത്.
ട്രാൻസ് വനിതകൾക്ക് വാതിൽ തുറന്ന്: ട്രാന്‍സ് വനിതകളെ സ്വാഗതം ചെയ്‌ത് ഇടത് വനിത സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍. പുതിയ അംഗത്വ വര്‍ഷം മുതൽ ട്രാന്‍സ് വനിതകള്‍ക്കും ഇനി സംഘടനയില്‍ അംഗത്വമെടുക്കാം. ഇതുസംബന്ധിച്ച ഭരണഘടന ഭേദഗതിക്ക് ദേശീയ സമ്മേളനത്തിൽ അംഗീകാരം നല്‍കി.
ട്രാന്‍സ് വനിതകള്‍ ഉള്‍പ്പടെ 15 വയസിന് മുകളിലുള്ള ഏല്ലാ സ്‌ത്രീകള്‍ക്കും പ്രസ്ഥാന ലക്ഷ്യങ്ങളോട് ഐക്യപ്പെടുകയാണെങ്കില്‍ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നാണ് ഭേദഗതി. എസ് എഫ് ഐയും ഡി വൈ എഫ് ഐയ്ക്കും പിന്നാലെയാണ് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷനും ട്രാന്‍സ് വിഭാഗത്തില്‍പെട്ടവരെ അംഗങ്ങളായി സ്വീകരിക്കാന്‍ തീരുമാനിച്ചത്. നിലവിൽ ഡി വൈ എഫ് ഐയുടെ സംസ്ഥാന കമ്മിറ്റിയിലെ ഒരംഗം ട്രാന്‍സ് വനിതയാണ്.