തിരുവനന്തപുരം: സിപിഎമ്മിനും സിപിഎം നേതാക്കള്‍ക്കും എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സി.പി.എം നേതൃത്വവുമായി അകന്ന് കഴിയുന്ന മുതിര്‍ന്ന നേതാവും സി.പി.എം മുന്‍ സംസ്ഥാന സമിതി അംഗവും തിരുവനന്തപുരം മുന്‍ ജില്ല സെക്രട്ടറിയുമായ പിരപ്പന്‍കോട് മുരളി കോണ്‍ഗ്രസ് വേദിയിലെത്തി സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചു. കെപിസിസി ആസ്ഥാനത്ത് കെപിസിസി വിചാര്‍ വിഭാഗ് സംഘടിപ്പിച്ച ഒഎന്‍വി അനുസ്‌മരണ വേദിയിലാണ് കവിയും നാടകകൃത്തും കൂടിയായ പിരപ്പന്‍കോട് മുരളി എത്തിയത്.
ഒഎന്‍വിക്ക് മരണമില്ലെന്നും മലയാളമുള്ളിടത്തോളം കാലം കവിതയിലൂടെ ഒഎന്‍വി അനശ്വരനാകുമെന്നും പിരപ്പന്‍കോട് പറഞ്ഞു. അവിചാരിതമായെങ്കിലും മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസം സംസാരിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് താന്‍. ശാന്തിഗിരി ആശ്രമത്തില്‍ വച്ചാണ് ഗുരുവായ കവിയെ അവസാനമായി കണ്ടത്.
കമ്മ്യൂണിസ്റ്റ് സാഹിത്യകാരും കമ്മ്യൂണിസ്റ്റ് ഇതര എഴുത്തുകാരും തമ്മില്‍ നടന്ന ശക്തമായ മത്സരത്തില്‍ ഒരു വോട്ടിനാണ് ആദ്യകാലത്ത് പുരോഗമന കലാസാഹിത്യ സംഘം കമ്മ്യൂണിസ്റ്റ് എഴുത്തുകാര്‍ പിടിച്ചെടുത്തത്. അറുപതുകളില്‍ ഒന്‍വിയും വയലാറും എഴുതിയ കവിതകള്‍ സമൂഹിക നവോത്ഥാനത്തിന് ഊര്‍ജം പകര്‍ന്നു.
ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉണ്ടായ തിരിച്ചടി സാഹിത്യ രംഗത്തിന് ആശയ കുഴപ്പത്തിന് വഴി തെളിച്ചു. കോണ്‍ഗ്രസ് വേദിയിലാണ് താന്‍ ഇതൊക്കെ പറയുന്നത് എന്ന ഉത്തമ ബോധ്യത്തിലാണ് താന്‍ വസ്‌തുതകള്‍ പറയുന്നതെന്നും മുരളി പറഞ്ഞു. ആദ്യമായി ജീവനോടെ ഒരു കവിയെ കാണുന്നത് ഒഎന്‍വിയെ ആണെന്ന് അദ്ദേഹം പറഞ്ഞു.
തന്‍റെ മനസിന്‍റെ പ്രതീക്ഷകളെ അട്ടിമറിച്ച കാഴ്‌ചയായിരുന്നു അത്. വേഷം കെട്ടുകളില്ലാത്ത പച്ച മനുഷ്യന്‍ ആയിരുന്നു ഒഎന്‍വി. യൂണിവേഴ്‌സിറ്റി കോളജില്‍ ഒഎന്‍വിയുടെ ശിഷ്യനായത് മുതല്‍ അവസാനം നിമിഷം വരെയുള്ള കാര്യങ്ങള്‍ പിരപ്പന്‍കോട് അനുസ്‌മരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു കൊല്ലം സന്ദര്‍ശിച്ച ദിവസമായിരുന്നു ഒഎന്‍വിയുടെ ജനനം എന്നത് ചരിത്രത്തിലെ ആകസ്‌മികതയാകാം എന്നും പിരപ്പന്‍കോട് പറഞ്ഞു.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പ്രായത്തിന്‍റെ പേരില്‍ പിരപ്പന്‍കോട് മുരളിയെ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതിന് ശേഷം സിപിഎമ്മുമായി അകന്നു കഴിയുന്ന പിരപ്പന്‍കോട് മുരളി പാര്‍ട്ടിയില്‍ താന്‍ അനുഭവിക്കേണ്ടി വന്ന അവഗണനകളെ കുറിച്ച് അദ്ദേഹം കഴിഞ്ഞ 50 ലക്കങ്ങളായി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സിപിഎമ്മിന് തലവേദനയായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് വേദിയില്‍ വാമനപുരത്ത് നിന്ന് രണ്ട് തവണ തുടര്‍ച്ചയായി നിയമസഭയിലെത്തിയ പിരപ്പന്‍കോട് മുരളി പങ്കെടുത്തതെന്നതാണ് ശ്രദ്ധേയം.