തിരുവനന്തപുരം : എട്ട് വയസ് മാത്രമുള്ള തന്‍റെ കുട്ടിയെ സർക്കാർ ഇനിയും കരയിക്കരുതെന്ന് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിയുടെ പിതാവ് ജയചന്ദ്രൻ. കുട്ടിക്ക് നഷ്‌ടപരിഹാരം നൽകാനുള്ള ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകരുത്. നഷ്‌ടപരിഹാരത്തുകയിൽ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ഒരു ഭാഗം ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിലേക്കും നൽകുമെന്നും ജയചന്ദ്രൻ അറിയിച്ചു.
സർക്കാരിന്‍റെ കുട്ടിയാണ്, സർക്കാർ പഠിപ്പിക്കേണ്ട കുട്ടിയാണെന്നും ജയചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പിങ്ക് പൊലീസ് കുട്ടിയെ പരസ്യവിചാരണ നടത്തുകയും മോഷ്‌ടാവായി ചിത്രീകരിക്കുകയും ചെയ്‌ത സംഭവത്തിൽ ഒന്നര ലക്ഷം രൂപ നഷ്‌ടപരിഹാരമായി സർക്കാർ കുട്ടിക്ക് നൽകാനായിരുന്നു ഹൈക്കോടതി ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥക്കെതിരെ വകുപ്പുതല നടപടിക്കും കോടതി നിർദേശിച്ചിട്ടുണ്ട്.
ആറ്റിങ്ങല്‍ സ്വദേശിയായ ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകളും ഓഗസ്റ്റ് 27നാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ അവഹേളത്തിനിരയായത്. പൊലീസ് വാഹനത്തില്‍ നിന്ന് തന്‍റെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ നടപടി. മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നുതന്നെ കണ്ടെടുത്തിരുന്നു.
ഐസ്ആര്‍എഒയുടെ തിരുവനന്തപുരം കേന്ദ്രത്തിലേക്ക് കൂറ്റന്‍ ചേംബറുകളുമായി വാഹനം പോകുന്നത് കാണാനെത്തിയതായിരുന്നു ജയചന്ദ്രനും മകളും.