തിരുവനന്തപുരം : രാഹുല്‍ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്‍റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പ്രസ്‌താവനയില്‍ ആരോപിച്ചു.
രാഹുല്‍ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്‍റെ പേരിലാണ് കോടതി വിധിയും അയോഗ്യതയും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുക എന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്.
പ്രധാന നേതാവിന് ഇതാണ് അവസ്ഥയെങ്കില്‍ അഭിപ്രായം തുറന്നുപറയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് രക്ഷയാണുളളത്. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എംപിമാരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്‌തതും ഇതിന്‍റെ മറ്റൊരു ഭാഗമാണ്.
കേന്ദ്ര സര്‍ക്കാരിനെതിരെ പോസ്റ്റര്‍ പതിച്ചതിന്‍റെ പേരില്‍ ഡല്‍ഹിയില്‍ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്‌തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ല. വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്‌ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണ്.
രാഹുല്‍ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയെ ഈ തിരിച്ചറിവിന്‍റെ വെളിച്ചത്തില്‍ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
'മോദി' വിവാദം: 2019 ഏപ്രിൽ 13ന് കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രസംഗത്തിലെ 'മോദി' പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. രണ്ട് വർഷം തടവും 15000 രൂപ പിഴയുമാണ് ശിക്ഷ. അപ്പീല്‍ നല്‍കാന്‍ ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യം അനുവദിച്ചിരുന്നു.
എന്നാൽ ഇന്ന് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കുകയായിരുന്നു. കോടതി ഉത്തരവ് പുറത്തുവന്ന വ്യാഴാഴ്‌ച (മാര്‍ച്ച് 23) മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തില്‍ വന്നെന്ന് നടപടിയില്‍ വ്യക്തമാക്കുന്നു. അതേസമയം ലോക്‌സഭ നടപടിക്കെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്തെത്തി.
ഭയപ്പെടുത്തേണ്ടെന്ന് പ്രതിപക്ഷം: 'ഞങ്ങളെ ഭയപ്പെടുത്തുകയോ നിശബ്‌ദരാക്കുകയോ ചെയ്യാന്‍ കഴിയുമെന്ന് കരുതേണ്ട' എന്നായിരുന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് വ്യക്‌തമാക്കിയത്. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട അദാനി കുംഭകോണത്തില്‍ സംയുക്ത പാര്‍ലമെന്‍ററി (ജെപിസി) അന്വേഷണത്തിന് പകരം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുകയാണ് ചെയ്‌തത്. ഇന്ത്യൻ ജനാധിപത്യം ഓം ശാന്തി' - ജയ്‌റാം രമേശ് ട്വീറ്റ് ചെയ്‌തു.
രാഹുല്‍ ഗാന്ധിക്കെതിരായ അതിവേഗത്തിലുള്ള നടപടിയില്‍ താൻ അദ്ഭുതപ്പെട്ടുപോയെന്നാണ് നേതാവ് ശശി തരൂർ ട്വീറ്റ് ചെയ്‌തത്. 'ഇത് ക്രൂരമായ രാഷ്‌ട്രീയമാണെന്നും ഇത് നമ്മുടെ ജനാധിപത്യത്തിന് ദോഷകരമാണെന്നും തരൂർ ചൂണ്ടിക്കാട്ടി.
ബിജെപി സര്‍ക്കാര്‍ മുന്‍കൂര്‍ ആസൂത്രണം നടത്തിയാണ് എംപി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലും ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായ പ്രമുഖന്‍ അദാനിയും തമ്മിലുള്ള ബന്ധം പാര്‍മെന്‍റില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് രാഹുലിനെതിരെ ഇത്തരം ആരോപണം ഉന്നയിച്ച് നിശബ്‌ദനാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.