തിരുവനന്തപുരം: തന്‍റെ ഔദ്യോഗിക വസതിയിലേക്ക് ക്രിമിനലുകളെ അയച്ച ശേഷം മുഖ്യമന്ത്രി പൊലീസുകാര്‍ക്കിടയില്‍ ഒളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ക്രിമിനലുകളെ അയയ്‌ക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.
തന്‍റെ സ്വകാര്യതയിലേക്ക് ക്രിമിനലുകള്‍ ഇരച്ചുകയറിയാല്‍ അവര്‍ക്ക് ജാമ്യം കൊടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. 'പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതി സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പറയുന്ന സിറ്റി പൊലീസ് കമ്മിഷണറുടെ വീട്ടിലേക്ക് ആരെങ്കിലും അതിക്രമിച്ചു കയറിയാല്‍ അവര്‍ക്ക് ജാമ്യം നല്‍കുമോ.
കന്‍റോണ്‍മെന്‍റ് ഹൗസ് വളപ്പിലുള്ള മൂന്ന് മന്ത്രിമാരുടെ വീട്ടിലേക്ക് ആരെങ്കിലും കടന്നു കയറിയിരുന്നെങ്കില്‍ അവര്‍ക്ക് ജാമ്യം നല്‍കുമായിരുന്നോ?. തങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് സമ്മര്‍ദമുണ്ടായെന്നാണ് ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍ ഇതിനെ കുറിച്ച് പറയുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇടമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറി.
യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്ന പൊലീസ്, യൂത്ത് കോണ്‍ഗ്രസുകാരെ വധിക്കാന്‍ ശ്രമിച്ച ജയരാജനെതിരെ കേസെടുക്കേണ്ടേ?. രക്തസാക്ഷികളെ സൃഷ്‌ടിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. തന്നെ തിരുവനന്തപുരത്ത് കാല് കുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ഡി.വൈ.എഫ്.ഐക്ക് സ്‌ത്രീധനം കിട്ടിയതല്ല തലസ്ഥാനം.
പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത വനിതാ നേതാക്കളെ അതിക്രൂരമായ സൈബര്‍ ആക്രമണത്തിന് വിധേയമാക്കുകയാണ് സിപിഎം. ഇതൊന്നും സിപിഎമ്മിന്‍റെ വനിതാ നേതാക്കള്‍ കാണുന്നില്ലേയെന്നും, വനിതാ കമ്മിഷന്‍ എവിടെയെന്നും' വി.ഡി സതീശന്‍ ചോദിച്ചു.