തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കൾക്ക് സമനില നഷ്‌ടപ്പെട്ടതിനാലാണ് സർക്കാരിന്‍റെ വിവിധ ജനക്ഷേമ പദ്ധതികൾക്കെതിരെ ആക്ഷേപമുയർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയിലൂടെ രണ്ടര ലക്ഷത്തിലധികം ആളുകൾക്കാണ് വീട് ലഭിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ സ്‌കൂളുകളുടെയും ആർദ്രം മിഷനിലൂടെ പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെയും പശ്ചാത്തല സൗകര്യങ്ങൾ മികവുറ്റതാക്കി.
പൂർത്തിയാകില്ലെന്ന് കരുതിയിരുന്ന വൻ പദ്ധതികൾ ഈ സർക്കാരിന്‍റെ കാലത്ത് പൂർത്തിയായി. എന്നാൽ ഇതിനെല്ലാമെതിരെ തെളിവില്ലാത്ത ആരോപണങ്ങൾ നിരത്തി രംഗത്തുവരുന്നത് യു.ഡി.എഫ് നേതാക്കൾക്ക് സമനില നഷ്‌ടപ്പെട്ടതിനാലാണെന്നും സർക്കാരിന് ഇക്കാര്യത്തിൽ ഭയമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.