തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസർകോട് വരെയുള്ള സെമി-ഹൈസ്‌പീഡ് റെയിൽവേ സംബന്ധിച്ച് പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമാവധി ജനവാസമില്ലാത്ത മേഖലയിലൂടെ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
532 കിലോമീറ്റർ ദൂരത്തില്‍ 66,405 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതി സംബന്ധിച്ച സാധ്യത പഠന റിപ്പോർട്ട് സർക്കാരിന് ലഭിച്ചു. വിശദ പഠന റിപ്പോർട്ട് തയ്യാറാക്കുന്ന നടപടി പുരോഗമിക്കുകയാണെന്നും ഈ റിപ്പോർട്ട് കൂടി ലഭ്യമായാലേ സ്ഥലമെടുപ്പ് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ ഇടയിലുള്ള ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.തോമസ് എംഎൽഎയാണ് ആക്ഷേപം ഉന്നയിച്ചത്.