തിരുവനന്തപുരം : ഒരുമയും മതനിരപേക്ഷതയും ശാസ്ത്ര ചിന്തയും പിറകോട്ടടിപ്പിക്കാനുള്ള ശ്രമങ്ങളെ മുളയിലേ നുള്ളണമെന്നും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രമായി സ്വാതന്ത്ര്യം ചുരുക്കപ്പെടാന്‍ പാടില്ലെന്നും മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം. ജയ് കേരളം ജയ് ഇന്ത്യ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിന പ്രസംഗം അവസാനിപ്പിച്ചത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സര്‍ക്കാറിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ 9.30ഓടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ സേന വിഭാഗങ്ങളായ അശ്വാരൂഢ സേന, എന്‍സിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് എന്നിവരുടെ പരേഡിന് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. ചടങ്ങില്‍ വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വീസ് മെഡലുകള്‍, കറക്ഷനല്‍ സര്‍വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു.
വായുസേനയുടെ ഹെലികോപ്‌റ്റര്‍ ചടങ്ങില്‍ പുഷ്‌പവൃഷ്‌ടി നടത്തി. സ്വാതന്ത്ര്യത്തിന്‍റെ 77-ാം വര്‍ഷത്തിലേക്ക് നാം കടക്കുകയാണെന്നും വൈവിധ്യങ്ങളാല്‍ സമൃദ്ധമായ ഇന്ത്യ, ഏഴര ദശാബ്‌ദത്തിലധികമായി ഒരു സ്വതന്ത്ര രാജ്യമായി നിലകൊള്ളുന്നുവെന്നത് ഏതൊരു ഇന്ത്യക്കാരനെ സംബന്ധിച്ചും അഭിമാനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പറഞ്ഞു. ആയുര്‍ദൈര്‍ഘ്യത്തിന്‍റെ സാക്ഷരതയുടെ വരുമാനത്തിന്‍റെയൊക്കെ കാര്യത്തില്‍ 1947 അപേക്ഷിച്ച് 2023ല്‍ നാം വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ന് ഇന്ത്യയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആഗോള തലത്തിലെ വലിയ ടൂറിസം കേന്ദ്രമാണ് നമ്മള്‍. ലോക ഐ ടി രംഗത്ത് ഇന്ത്യ അതിന്‍റെ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തും ചന്ദ്രനിലുമൊക്കെ നമ്മുടെ സാങ്കേതിക വിദ്യ ചെന്നെത്തിയിരിക്കുന്നു. നമ്മുടെ യോഗയും ആയുര്‍വേദവുമെല്ലാം ലോക ശ്രദ്ധയില്‍ എത്തിനിൽക്കുന്നു. തീര്‍ച്ചയായും ഇതെല്ലാം ഏറെ അഭിമാനകരമായ നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മോടൊപ്പവും തൊട്ടടുത്ത കാലങ്ങളിലുമായി സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും വലിയ പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ പോലും നമ്മള്‍ പിടിച്ചു നിന്നു. ചെറിയ ഒരു ഘട്ടത്തിലൊഴികെ ജനാധിപത്യ രാജ്യമായി തന്നെ നമ്മള്‍ നിലകൊണ്ടു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം.
അതേസമയം തന്നെ ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു രാഷ്ട്രമെന്ന നിലയില്‍ പുതിയ ദിശയിലേക്ക് നീങ്ങിയ പല രാജ്യങ്ങളോടും താരതമ്യം ചെയ്യുമ്പോള്‍, സാമ്പത്തിക, സാമൂഹിക, ശാസ്ത്ര, സാങ്കേതിക മേഖലകളിലെല്ലാം നമ്മള്‍ ഇനിയുമേറെ മുന്നേറാനുണ്ടെന്ന വസ്‌തുത നാം കാണാതെ പോകരുത്. ആ തിരിച്ചറിവാകട്ടെ മുന്‍പോട്ടുള്ള നമ്മുടെ യാത്രയില്‍ വലിയ ഊര്‍ജമായി തീരുകയും ചെയ്യും.
ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമാണ് നമ്മുടെ സാമ്രാജത്വ വിരുദ്ധ ദേശീയ പ്രസ്ഥാനത്തെ സവിശേഷമാക്കിയത്. അതിന്‍റെ ഭാഗമായി ഉയര്‍ന്നു വന്നതാണ് നാനാത്വത്തില്‍ ഏകത്വം എന്ന സവിശേഷത. ഇന്ത്യയിലെ നാനാ ജാതി മതസ്ഥരും വിവിധങ്ങളായ പ്രദേശങ്ങളില്‍പ്പെട്ടവരും വ്യത്യസ്‌തങ്ങളായ ഭാഷ, സംസ്‌കാരം, വിശ്വാസങ്ങള്‍ തുടങ്ങിയവ പിന്തുടര്‍ന്നവരും ഉള്‍പ്പെട്ടതായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനം. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യം എല്ലാ വിഭാഗത്തിനും അവകാശപ്പെട്ടതാണ്.
ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രമായി സ്വാതന്ത്ര്യം ചുരുക്കപ്പെടാന്‍ പാടില്ല. എല്ലാ മനുഷ്യരെയും തുല്യരായി കണ്ടും സമൂഹത്തിലെ ആകെ പ്രശ്‌നങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് പരിഹരിച്ചുമാണ് നമ്മുടെ കേരളം എല്ലാ കാര്യത്തിലും രാജ്യത്തിനാകെ മാതൃകയുമായി തീർന്നിരിക്കുന്നത്. നമ്മുടെ ഒരുമയും മതനിരപേക്ഷതയും ശാസ്ത്ര ചിന്തയുമെല്ലാം അതിന് ഉപകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള നമ്മുടെ യാത്രയില്‍ അവയെല്ലാം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. അവയെ പിറകോട്ടടിപ്പിക്കാന്‍ പല നീക്കങ്ങളും നടക്കുന്നു. അത്തരം ശ്രമങ്ങളെ മുളയിലെ നുള്ളിക്കളയേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ സ്വാതന്ത്ര്യം കൂടുതല്‍ അര്‍ത്ഥ പൂര്‍ണ്ണമാകു എന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്‍റെ നൂറാം വര്‍ഷം ആകുമ്പോഴേക്കും ലോകോത്തര നിലവാരമുള്ള വികസിത മധ്യവരുമാന സമൂഹമാക്കി കേരളത്തെ മാറ്റാനാണ് വിജ്ഞാന സമ്പദ് ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കാനുമാണ് സര്‍ക്കര്‍ പരിശ്രമിക്കുന്നത്. നേട്ടങ്ങളെല്ലാം എല്ലാ വിഭാഗം സമൂഹത്തിനും ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയുമാണ്.
2016 ല്‍ കേരളത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം അത് 10.17 ലക്ഷം കോടി രൂപയിലേക്ക് എത്തിയിരിക്കുന്നു. അതായത് കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 84 ശതമാനം വര്‍ധനവ്. 2016 ല്‍ കേരളത്തിന്‍റെ പ്രതിശീര്‍ഷ വരുമാനം 1.48 ലക്ഷം രൂപയായിരുന്നു, ഇന്നത് 2.28 ലക്ഷം രൂപയായി ഉയര്‍ന്നിരിക്കുന്നു. 54 ശതമാനത്തിലധികം വര്‍ധനവ്.
കേരളത്തിന്‍റെ കടത്തെ ജിഎസ്‌ഡിപിയുടെ 39 ശതമാനത്തില്‍ നിന്നും 35 ശതമാനത്തില്‍ താഴെയെത്തിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ രീതിയില്‍ എല്ലാ തലത്തിലും കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയുടെയും അടിസ്ഥാനം നൽകുന്ന വികസന പ്രവര്‍ത്തനങ്ങളുടെയും ഫലം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് സംരംഭക വര്‍ഷം ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍, ആദ്യത്തെ എട്ട് മാസം കൊണ്ട് തന്നെ ലക്ഷ്യത്തെ മറികടക്കാന്‍ നമുക്ക് സാധിച്ചു. 1,40,000 ത്തോളം സംരംഭങ്ങളാണ് സംരംഭക വര്‍ഷം പദ്ധതിയിലൂടെ ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 8,300 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിക്കുകയും 3 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു.