തിരുവനന്തപുരം : നെഹ്‌റുവിനെ ചാരി തന്‍റെ വർഗീയ മനസിനെയും ആർ എസ് എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കോൺഗ്രസിൻ്റെ അധപ്പതനത്തിന്‍റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് തോന്നിയാൽ ബിജെപിയിൽ പോകുമെന്നും ആളെ അയച്ച് ആർഎസ്എസ് ശാഖയ്‌ക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്‍റെ ആ ചെയ്‌തികളെ ജവഹർലാൽ നെഹ്‌റുവുമായി സമീകരിക്കാനുള്ള സുധാകരന്‍റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാർത്ഥ കോൺഗ്രസുകാർക്കുണ്ടെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികൾ വർഗീയ അജണ്ടയ്‌ക്ക് കളമൊരുക്കിയത്.
അന്ന് ആർ എസ് എസിനെ നിരോധിച്ചത് പ്രധാനമന്ത്രി നെഹ്‌റുവാണ്. ആ നെഹ്‌റുവിനെ ആർ എസ് എസിനോട് മമതകാട്ടിയ നേതാവാക്കി ചിത്രീകരിച്ചാൽ സന്തോഷിക്കുന്നത് ആർ എസ് എസ് മാത്രമാണ്. അങ്ങനെ സന്തോഷിപ്പിക്കുന്നതാണോ കോൺഗ്രസിന്‍റെ നയം എന്ന് അവർ തന്നെ വ്യക്തമാക്കണം.
- " class="align-text-top noRightClick twitterSection" data="">
ആർ എസ് എസിനെ വെള്ള പൂശുന്നതിൽ എന്ത് മഹത്വമാണ് സുധാകരൻ കാണുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ശ്യാമ പ്രസാദ് മുഖർജിയെയും ഡോ. അംബേദ്‌കറെയും താരതമ്യപ്പെടുത്തുക വഴി ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല, ഡോ. അംബേദ്‌കറെ അവഹേളിക്കുക കൂടിയാണെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു. ആര്‍ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിക്ക് മന്ത്രിസ്ഥാനം നല്‍കി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയതയോട് സന്ധി ചെയ്‌തെന്നായിരുന്നു സുധാകരൻ്റെ പരാമർശം.
കണ്ണൂരില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നെഹ്‌റു അനുസ്‌മരണവും നവോത്ഥാന സദസും ഉദ്‌ഘാടനം ചെയ്‌ത ശേഷമായിരുന്നു സുധാകരൻ്റെ പരാമർശം. കണ്ണൂരില്‍ ആര്‍ എസ് എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടിരുന്നുവെന്ന പ്രസ്‌താവന വിവാദമായി നില്‍ക്കുന്നതിനിടെയാണ് കെപിസിസി പ്രസിഡന്‍റിന്‍റെ പുതിയ പ്രസംഗം.