തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം അക്രമാസക്തമായതിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്‍റെ സമാധാനവും ജനങ്ങളുടെ ശാന്തമായ ജീവിതവും തകർക്കുക എന്ന ഹീന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നത്. ഹീനമായ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിത പൊലീസ് ബറ്റാലിയന്‍ പാസിങ് ഔട്ട്പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസിനെയും പൊലീസ് സ്റ്റേഷനെയും ആക്രമിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ശേഷമാണ് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ അക്രമം സംഘടിപ്പിച്ചത്. പൊലീസുകാരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ആക്രമണങ്ങള്‍ നടന്നത്. അതിനാലാണ് പൊലീസുകാര്‍ക്ക് ഗുരുതരമായ പരിക്കേറ്റത്. ഇതിനു പിന്നിലെല്ലാം ഗൂഢമായ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പൊലീസ്, ആക്രമണം നേരിടേണ്ടി വരുമ്പോൾ അക്രമികൾ പ്രതീക്ഷിക്കുന്നതെന്തെന്ന് തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞു. അതിനാലാണ് ഇന്ന് കേരളം ഈ നിലയില്‍ തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമികള്‍ ആഗ്രഹിച്ച രീതിയില്‍ നാട് മാറാത്തത് പൊലീസിന്‍റെ മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടാണ്. സര്‍ക്കാര്‍ ഇത് തിരിച്ചറിയുന്നു. സമചിത്തത കൈവിടാതെ ഉത്തരവാദിത്തം നിറവേറ്റിയ പൊലീസിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Also read: മന്ത്രി വി അബ്‌ദുറഹിമാനെതിരായ പരാമർശം: ഫാദര്‍ തിയോഡേഷ്യസിനെതിരെ പൊലീസ് കേസ്