തിരുവനന്തപുരം : മിത്ത് വിവാദത്തിൽ കടുത്ത നിലപാട് എടുത്തിരിക്കുന്ന എൻഎസ്‌എസിനെ അനുനയിപ്പിക്കാൻ നീക്കവുമായി സർക്കാർ. സ്‌പീക്കർ എ എൻ ഷംസീറിന്‍റെ ഗണപതിയെ കുറിച്ചുള്ള മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസിന്‍റെ നേതൃത്വത്തിൽ നടത്തിയ നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാൻ നീക്കം. തിരുവനന്തപുരത്ത് അനുമതിയില്ലാതെ നാമജപ ഘോഷയാത്ര നടത്തിയതിനാണ് പൊലീസ് കേസ് എടുത്തത്.
എന്നാൽ ഈ ജാഥയ്ക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഇല്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാനായി ഇക്കാര്യങ്ങൾ വ്യക്തമാക്കി കോടതിയിൽ കേസ് പിൻവലിക്കാൻ പൊലീസ് റിപ്പോർട്ട് സമർപ്പിക്കും. വിശദമായ നിയമോപദേശത്തിനുശേഷം ആയിരിക്കും പൊലീസ് ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുക.
ഓഗസ്റ്റ് രണ്ടിനാണ് ഷംസീറിന്‍റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ നാമജപ ഘോഷയാത്ര നടത്തിയത്. തിരുവനന്തപുരം താലൂക്ക് യൂണിയനിലെ 175 കരയോഗങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
പാളയം ഗണപതി ക്ഷേത്രത്തിനു മുന്നിൽ നിന്നും ആരംഭിച്ച നാമജപ ഘോഷയാത്ര പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിലാണ് സമാപിച്ചത്. ആയിരത്തോളം പേരാണ് നാമജപ ഘോഷയാത്രയിൽ പങ്കെടുത്തത്. റോഡിന്‍റെ ഒരു ഭാഗം മുഴുവനായും ഗതാഗതം തടസ്സപ്പെടുത്തി ആയിരുന്നു യാത്ര.
തങ്ങൾ ആരാധിക്കുന്ന ഗണപതി മിത്തല്ലെന്നും ഞങ്ങളുടെ സ്വത്താണെന്നും എഴുതിയ ബാനറുകൾ ഉയർത്തി പിടിച്ചായിരുന്നു ഘോഷയാത്ര. എ എൻ ഷംസീർ മിത്ത് പരാമർശം പിൻവലിച്ചു, മാപ്പു പറയണമെന്നായിരുന്നു എൻഎസ്എസിന്‍റെ ആവശ്യം. എന്നാൽ താൻ മാപ്പു പറയില്ലെന്നും പറഞ്ഞാൽ അത് ഭരണഘടന ലംഘനമാകുമെന്നും ഒരു മതവികാരത്തെയും വ്രണപ്പെടുത്താനല്ല താനതു പറഞ്ഞതെന്നും എ എൻ ഷംസീർ വ്യക്‌തമാക്കി.
ഘോഷയാത്ര നടത്തിയ രീതി ഹൈക്കോടതി വിധിയുടെ ലംഘനമാണ്. അതിനാലാണ് കേസ് പിൻവലിക്കുന്നതിന് മുമ്പ് വിശദമായ നിയമോപദേശം തേടാൻ പൊലീസ് തീരുമാനിച്ചത്. എൻഎസ്എസിന്‍റെ വൈസ് പ്രസിഡന്‍റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയും കണ്ടാലറിയുന്ന ആയിരത്തോളം പേർക്കെതിരെയുമാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.
പൊലീസ് നിർദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, അനുമതിയില്ലാതെ മൈക്ക് സെറ്റ് പ്രവർത്തിപ്പിച്ചു, കാൽനടയാത്രക്കാർക്കും വാഹനഗതാഗതത്തിനും തടസ്സം ഉണ്ടാക്കി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എഫ്ഐആറിൽ ചുമത്തിയിരുന്നത്. ഇത്തരം ഒരു കേസെടുത്തതിൽ സർക്കാരിനെതിരെ അന്ന് തന്നെ വിമർശനമുയർന്നിരുന്നു. ഘോഷയാത്ര കടന്നു പോകുന്ന വിവരം അതാതു പൊലീസ് സ്റ്റേഷനുകളിൽ അറിയിച്ചതാണെന്നും എൻഎസ്എസിന്‍റെ വിശദീകരണം.
അതിനാൽ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മിത്ത് വിവാദം വീണ്ടുമുയർത്തി എൻഎസ്എസ് വിമർശനം സജീവമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് പിൻവലിക്കാൻ സർക്കാർ നീക്കം തുടങ്ങിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ കൂടി പശ്ചാത്തലത്തിലാണ് സർക്കാറിന്‍റെ ഈ അനുനയ ശ്രമം.