തിരുവിതാംകൂർ: കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ ഈ മാസം 13ന് ആരംഭിക്കുന്ന മാസ പൂജ ദർശനത്തിന് ശബരിമലയിലേക്ക് ഭക്തർ വരരുതെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് എൻ.വാസു. ശബരിമലയിൽ ആചാരപരമായ ചടങ്ങുകൾ മാത്രമേ ഉണ്ടാവൂ. അപ്പം അരവണ കൗണ്ടർ പ്രവർത്തിക്കില്ല. ഭക്തർക്കായി പ്രത്യേക സൗകര്യങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല. സുരക്ഷ കണക്കിലെടുത്ത് ഭക്തർ യാത്ര ഒഴിവാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഭ്യർത്ഥിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ ഉത്സവത്തിന്‍റെ ഭാഗമായി ആൾക്കൂട്ടം ഒഴിവാക്കണം. ആചാരപരമാണെങ്കിൽ പോലും ആൾക്കൂട്ടം കൂടുതലായെത്തുന്ന ക്ഷേത്ര ചടങ്ങുകളും ഒഴിവാക്കണം. വികാരപരമായി ഭക്തർ ഇതിനെ കാണരുതെന്നും സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും മുന്നറിയിപ്പ് കണക്കിലെടുത്താണ് നടപടിയെന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു.