തിരുവനന്തപുരം: കൊവിഡ് ഭേദമായവരിൽ 10 ശതമാനം പേർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് സെന്‍ററുകൾ ഒരുക്കാൻ മാർഗനിർദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്.
സംസ്ഥാനത്തെ കൊവിഡ് ഭേദമായവരിൽ 10 ശതമാനം പേർക്കെങ്കിലും ശ്വാസംമുട്ടൽ, ശക്തമായ നെഞ്ചിടിപ്പ്, കുട്ടികളുടെ ശരീരത്തിൽ നീര്, തടിപ്പ് തുടങ്ങിയ ശാരീരിക പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതായി ആരോഗ്യവകുപ്പ്. ഇതിൽ രണ്ടു മുതൽ മൂന്നു ശതമാനം വരെ ഗുരുതരമായ ശാരീരിക പ്രശ്നങ്ങളാണ്. ഇതോടെയാണ് രോഗം ഭേദമായവരെ നിരീക്ഷിക്കുന്നതിന് പോസ്റ്റ് കൊവിഡ് സെന്‍ററുകൾ തുറക്കാൻ ആരോഗ്യവകുപ്പ് തയ്യാറെടുക്കുന്നത്.
സംസ്ഥാനത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആശുപത്രികളില്‍ ഇത്തരം സെന്‍ററുകൾ തുടങ്ങും. ആഴ്ചയിൽ ഒരു ദിവസം, രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ ആകും സെന്‍ററുകൾ പ്രവർത്തിക്കുക. കൊവിഡ് ഭേദമായരുടെ ശാരീരിക പ്രശ്നങ്ങൾ കണക്കാക്കിയാകും സെന്‍റർ തെരഞ്ഞെടുക്കുക. ചെറിയ ലക്ഷണങ്ങൾ മാത്രമുള്ള വരെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഒരുക്കുന്ന പോസ്റ്റ് കൊവിഡ് സെന്‍ററിൽ പരിശോധിക്കും.
ശക്തമായ ശ്വാസംമുട്ടൽ, ഉയർന്ന നെഞ്ചിടിപ്പ്, കുട്ടികളുടെ ശരീരത്തിൽ നീര്, തടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മെഡിക്കൽ കോളജിലെ സെന്‍ററിലേക്ക് മാറ്റും. ഒരോ സെന്‍ററിലും വിദഗ്ധസംഘമാകും രോഗികളെ പരിശോധിക്കുക. കൊവിഡ് വന്നവർ മൂന്നുമാസത്തേക്ക് ഇത്തരം സെന്‍ററുകളില്‍ തുടർ പരിശോധന നടത്തണം. കൊവിഡ് ഭേദമായവരിൽ ചിലർക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് വിദഗ്ധ സംഘം സർക്കാരിന് നൽകിയിരിക്കുന്ന റിപ്പോർട്ട്. ഹൃദ്രോഗം, ന്യൂറോ പ്രശ്നങ്ങൾ എന്നിവയ്ക്ക് പുറമേ മാനസിക സംഘർഷങ്ങളും വർധിക്കാം. അതുകൊണ്ട് തന്നെ പോസ്റ്റ് കൊവിഡ് സെന്‍ററിൽ മാനസിക സംഘർഷം ലഘൂകരിക്കാനുള്ള കൗൺസിലിങ്ങും ശ്വാസംമുട്ടൽ നിയന്ത്രിക്കുന്നതിനുള്ള വ്യായാമമുറകളും പരിശീലിപ്പിക്കും.