തിരുവനന്തപുരം: 'നല്ലൊരു മൊമെന്‍റിന് തൊട്ടുമുൻപുള്ള ഒരു നിമിഷം, അത് തിരിച്ചറിയാൻ കഴിയണം ഓരോ ഫോട്ടോഗ്രാഫർക്കും'. 'മഹേഷിന്‍റെ പ്രതികാരം' സിനിമയിൽ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തിന് അച്ഛന്‍ കൊടുക്കുന്ന ഉപദേശമാണിത്. ഈ നിര്‍ദേശം ഫലപ്രാപ്‌തിയിലെത്തിച്ച ഒരുകൂട്ടം ഫോട്ടോഗ്രാഫേഴ്‌സിനെ നേരിട്ടുകാണാം ഐഎഫ്‌എഫ്‌കെയില്‍.
ഐഎസ്ഒ സെറ്റ് ചെയ്‌ത്, അപ്പർച്ചർ കറക്‌ടാക്കി നല്ലൊരു മൊമെന്‍റിനായി ഫോട്ടോഗ്രാഫേഴ്‌സ് കാത്തിരിക്കുകയാണ് ഇവിടെ. 'കാന്‍ഡിഡ്' ചിത്രങ്ങൾ പകർത്തുകയാണ് ഐഎഫ്‌എഫ്‌കെ വേദിയിലെ ഫോട്ടോഗ്രാഫേഴ്‌സിന്‍റെ ലക്ഷ്യം. ഒരു ചെറിയ ചിരി, അല്ലെങ്കിൽ അത്ഭുതത്തോടെയുള്ള നോട്ടം അത് കാണുക, ക്യാമറയിൽ പകർത്തുക. ഈയൊരു ചിന്തയുമായി രാജ്യാന്തര ചലച്ചിത്രമേളയുടെ പരിസരത്താകെ കറങ്ങി നടക്കുകയാണ് ഇവര്‍.
ഭാവിയിൽ ഭൂതകാലത്തെ ഓർക്കാനുള്ള ഫയല്‍ എന്ന നിലയിലൂടെയാണ് പലരും ഈ അവസരത്തെ കാണുന്നത്. ഐഎഫ്‌എഫ്‌കെ വെറുമൊരു സിനിമാപ്രദർശനമേള മാത്രമല്ല. ഒരുപാട് പഠനത്തിനുള്ള വേദി കൂടിയെന്ന നിലയിലാണ് ഫോട്ടോഗ്രാഫേഴ്‌സ് നോക്കിക്കാണുന്നത്.