തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന പിജി വിദ്യാർഥികളുടെ സംഘടന പ്രതിനിധികളുമായി ആരോഗ്യമന്ത്രി വീണ ജോർജ് ചർച്ച നടത്തി. മൂന്നാം വട്ടമാണ് ചർച്ച നടത്തിയത്. സ്റ്റൈപ്പന്‍റ് വർധന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് നടപ്പാക്കാം എന്ന് മന്ത്രി പിജി ഡോക്ടർമാരെ അറിയിച്ചു.
റെസിഡൻസി മാനുവൽ അനുസരിച്ചാണോ സർക്കാർ മെഡിക്കൽ കോളജുകളിൽ കാര്യങ്ങൾ നടക്കുന്നത് എന്ന് പരിശോധിക്കും. ഇതിനായി സമിതിയെ നിയമിക്കും. 249 സീനിയർ റെസിഡന്‍റ് ഡോക്‌ടർമാർ നിലവിൽ അധികമുണ്ട്.
അവരെ വേണമെങ്കിൽ പിരിച്ചു വിട്ടു കൊണ്ട് ജൂനിയർ റെസിഡന്‍റുമാരെ നിയമിക്കാം എന്ന് മന്ത്രി അറിയിച്ചു. കൂടുതൽ സീനിയർ റെസിഡന്‍റുമാരെ നിയമിക്കാനുള്ള പരിമിതികൾ മന്ത്രി സമരക്കാരെ അറിയിച്ചു. സമരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സമരക്കാരുടെ ആവശ്യങ്ങളെ അനുഭാവപൂർവ്വം പരിഗണിച്ചുവെന്നും മന്ത്രി ചർച്ചയ്ക്ക് ശേഷം പറഞ്ഞു.
Also Read: 'സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ സര്‍ട്ടിഫിക്കറ്റിന് പണം': അന്വേഷണത്തിന് ഉത്തരവ്
ജനങ്ങൾക്ക് ചികിത്സ നിഷേധിക്കാൻ പാടില്ലെന്നും കൂടിയാലോചനകൾക്ക് ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യം അറിയിക്കാമെന്ന് പിജി ഡോക്ടർമാർ അറിയിച്ചതായും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. മെഡിക്കൽ കോളജുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ നടപടികൾ ഉണ്ടാവുമെന്ന് മന്ത്രി ചർച്ചയ്ക്ക് ശേഷം ഉറപ്പ് നല്‍കി. എന്നാല്‍ സർക്കാർ നിർദേശങ്ങളിൽ ചില അവ്യക്തകൾ ഉണ്ടെന്നും സമരം തുടരുകയാണെന്നും പിജി ഡോക്‌ടർമാർ അറിയിച്ചു.
ആവശ്യങ്ങളിൽ രേഖമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്നും സീനിയർ റെസിഡന്‍റുമാരെ പിരിച്ചു വിട്ടു കൊണ്ട് ജൂനിയർ റെസിഡന്‍റുമാരെ നിയമിക്കാം എന്നത് സ്വീകാര്യമല്ലെന്നും സമരം ചെയ്യുന്ന സംഘടന പ്രതിനിധികൾ അറിയിച്ചു.