തിരുവനന്തപുരം: കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ പിജി ഡോക്‌ടര്‍മാര്‍ സമരത്തിലേക്ക്. തിങ്കളാഴ്ച ഡോക്‌ടര്‍മാര്‍ 12 മണിക്കൂർ നീണ്ട സൂചനാ പണിമുടക്ക് നടത്തും. കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നത് പഠനത്തെ സാരമായി ബാധിക്കുന്നുവെന്നാണ് പിജി ഡോക്ടര്‍മാരുടെ നിലപാട്.
12 മണിക്കൂര്‍ വരെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന സ്ഥിതിയാണ് നിലവിൽ. ഏറെ ശ്രദ്ധയോടെ പഠനം വേണ്ട കോഴ്‌സിന്‍റെ തുടര്‍ പഠനത്തെ ഇത് സാരമായി ബാധിക്കുകയാണ്. പഠനം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. കൊവിഡ് ചികിത്സ വികേന്ദ്രീകൃതമാക്കിയാല്‍ മാത്രമേ ഇത് ഒഴിവാക്കാന്‍ കഴിയുവെന്നാണ് പിജി ഡോക്‌ടര്‍മാര്‍ ആവശ്യപ്പെടുന്നത്.
കൊവിഡ് ചികിത്സ വികേന്ദ്രീകൃതമാക്കുന്നതിനൊപ്പം റിസ്‌ക് അലവന്‍സ് അനുവദിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യമുന്നയിക്കുന്നുണ്ട്. നാല് ശതമാനമെങ്കിലും അധിക റിസ്‌ക് അലവന്‍സ് അനുവദിക്കണമെന്നാണ് ആവശ്യം.
Also Read: കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി
കൊവിഡ് വാര്‍ഡുകളില്‍ ഏറെ ബുദ്ധിമുട്ടിയാണ് ജോലി ചെയ്യുന്നതെന്നും എന്നാല്‍ വാര്‍ഷിക അലവന്‍സ് അനുവദിക്കുമ്പോള്‍ പിജി ഡോക്‌ടർമാരുടെ ബുദ്ധിമുട്ട് പരിഗണിക്കുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. ഈ രീതിയിൽ മാറ്റം വരണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ഡ്യൂട്ടിയും ഒപി ഡ്യൂട്ടിയും ബഹിഷ്‌കരിച്ചാകും പ്രതിഷേധം. സൂചന പണിമുടക്കില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും പിജി ഡോക്‌ടര്‍മാരുടെ സംഘടന അറിയിച്ചു.