തിരുവനന്തപുരം: പെട്ടിമുടി പ്രകൃതി ദുരന്തത്തിലും കരിപ്പൂർ വിമാനാപകടത്തിലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. പെട്ടിമുടി ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആശ്രിതർക്ക് ആദ്യഗഡുവായി ഒരു ലക്ഷം രൂപയും കരിപ്പൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഇരു തുകകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനാണ് ഉത്തരവ്.
പെട്ടിമുടി ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക അഞ്ച് ലക്ഷം രൂപയാണ്. ബാക്കി നാല് ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും നൽകുമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. പ്രകൃതി ദുരന്തം ഉണ്ടായാൽ നാല് ലക്ഷം വരെ പ്രത്യേക ഉത്തരവിലൂടെ നൽകാം. എന്നാൽ പെട്ടിമുടിയിൽ സർക്കാർ പ്രഖ്യാപിച്ചത് അഞ്ച് ലക്ഷം ആയതിനാലാണ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രത്യേകം അനുവദിച്ചത്. 66 പേരാണ് പെട്ടിമുടി ദുരന്തത്തിൽ മരിച്ചത്.
അതേസമയം കരിപ്പൂരിലേത് പ്രകൃതി ദുരന്തമല്ലാത്തതിനാലാണ് മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിച്ചതെന്നും അധികൃതർ അറിയിച്ചു.