തിരുവനന്തപുരം: പെട്രോള്‍ വില കുറയ്‌ക്കാത്തത് ജനദ്രോഹമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പെട്രോള്‍, ഡീസല്‍ ഉൽപന്നങ്ങളുടെ വില കുതിച്ചു കയറി ജനജീവിതം മഹാദുരിതത്തിലായപ്പോള്‍ കേന്ദ്രബജറ്റില്‍ ഇളവുപ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് ഉമ്മന്‍ ചാണ്ടി വിമർശിച്ചു. എക്‌സൈസ് നികുതി അൽപം കുറച്ചെങ്കിലും സെസ് ഏര്‍പ്പെടുത്തിയതോടെ വില ഉയര്‍ന്നു നിൽക്കുന്നു. ഇത് വലിയ ജനദ്രോഹം തന്നെയാണ്. കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് നേരിട്ടു പണം ലഭിക്കുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പടുത്തുയര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന പരിപാടി പൂര്‍വാധികം ഊര്‍ജിതമാക്കിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ദേശീയ പാതകള്‍ ജനങ്ങളുടെ പണം ഉപയോഗിച്ച് നിര്‍മിച്ചശേഷം ടോള്‍ പിരിവ് വിദേശ കുത്തകകളെയാണ് ഏൽപിക്കുന്നത്. കഴിഞ്ഞ മാസം മാത്രം ഏഴ് തവണയാണ് പെട്രോള്‍ വില കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ ബെന്‍റ് ഇനം ക്രൂഡിന് വില 2020 ജനുവരിയില്‍ 63.65 ഡോളറായിരുന്നത് ഇപ്പോള്‍ 55.61 ഡോളറായി കുറഞ്ഞു നിൽക്കുമ്പോഴാണ് രാജ്യത്ത് വില കുതിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്‌സൈസ് നികുതി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്.
പെട്രോളിന്‍റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്‍റെ മൂന്നിരട്ടിയോളം വിലയിട്ടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ പിഴിയുന്നത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയായിരുന്നു എക്‌സൈസ് നികുതി. യുഡിഎഫ് സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചു കയറിയപ്പോള്‍ നാല് തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നൽകി. ഇടതുസര്‍ക്കാര്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുവേളയില്‍ മാത്രമാണ് ഒരു രൂപയുടെ ഇളവ് നൽകിയതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേർത്തു.