തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ഒഴിവുകള്‍ അടിന്തരമായി നികത്തണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിര്‍ദേശിച്ചു. നിലവിലുള്ള അപര്യാപ്‌തതകള്‍ പരിഹരിക്കാന്‍ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ആവശ്യാനുസരണം ഫണ്ട് അനുവദിച്ച് സമയക്രമം നിശ്ചയിച്ച് നടപ്പിലാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
മാനസികാരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ ശേഷം ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. മറ്റ് നിര്‍ദേശങ്ങള്‍ ഇങ്ങനെ: 10 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന കെട്ടിട സമുച്ചയത്തിന്‍റെ പണി പൂര്‍ത്തിയാക്കണം, ആധുനിക മനോരോഗ ചികിത്സയ്ക്ക് പര്യാപ്‌തമായ ഒരു ഒപി ബ്ലോക്ക് സജ്ജമാക്കണം, ജീവനക്കാരുടെ തസ്‌തികകള്‍ പുനക്രമീകരിക്കണം, കൂടുതല്‍ പാചകക്കാരെ നിയോഗിക്കണം, നഴ്‌സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്‌സിങ് സൂപ്രണ്ട്, നഴ്‌സിങ് ഓഫിസര്‍, ഹോസ്‌പിറ്റല്‍ അറ്റന്‍റന്‍റ് തസ്‌തികകള്‍ അടിയന്തരമായി നികത്തണം, സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം, അന്തേവാസികള്‍ക്ക് മറ്റ് രോഗങ്ങളുള്ളതിനാല്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാരെ നിയമിക്കണം എന്നും നിര്‍ദേശത്തിലുണ്ട്.
വേണം ജില്ലാപുനരധിവാസ കേന്ദ്രങ്ങള്‍: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ക്ക് അവിടെത്തന്നെ മനോരോഗ ചികിത്സ ലഭ്യമാക്കണം, രോഗം ഭേദമായവരെ ബന്ധുക്കളെ ഏല്‍പ്പിക്കുകയോ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യണം, ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫിസറെ നിയമിക്കണം, തുടര്‍ച്ചയായ ചികിത്സ ആവശ്യമില്ലാത്ത വ്യക്തികള്‍ക്കായി പുനരധിവാസ കേന്ദ്രങ്ങള്‍ ജില്ലകള്‍ തോറും തുടങ്ങണം, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തെ മെന്‍റല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ നിലവാരത്തില്‍ ഉയര്‍ത്തണം, ആര്‍ദ്രം മിഷന്‍ പദ്ധതിയില്‍ മാനസികാരോഗ്യ കേന്ദ്രത്തെ ഉള്‍പ്പെടുത്തണം എന്നും ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെടുന്നു.
പുറമെ, ഫോറന്‍സിക് വാര്‍ഡില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും ജയില്‍ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും വേണം, ഫോറന്‍സിക് വാര്‍ഡില്‍ വിടുതല്‍ ലഭിക്കാത്ത രോഗികളുണ്ടെങ്കില്‍ അവരെ ബന്ധുക്കളെ ഏല്‍പ്പിക്കുകയോ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. 2022 നവംബര്‍ 17നാണ് മനുഷ്യാവകാശ കമ്മിഷന്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയത്.