തിരുവനന്തപുരം: 300 ചതുരശ്ര മീറ്റര്‍ വരെയുള്ള വീട് ഉള്‍പ്പെടെയുള്ള ലോ റിസ്‌ക് കെട്ടിടങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ ബില്‍ഡിങ് പെര്‍മിറ്റ് ലഭ്യമാക്കാനുള്ള തീരുമാനം നഗരസഭകളില്‍ നടപ്പിലാക്കിത്തുടങ്ങി. ആദ്യദിനമായ ഏപ്രില്‍ ഒന്നിന് വന്ന 11 ബില്‍ഡിങ് പെര്‍മിറ്റ് അപേക്ഷകളും, ചുരുങ്ങിയ സമയം കൊണ്ട് സിസ്‌റ്റം തന്നെ പരിശോധിച്ച്, പെര്‍മിറ്റുകള്‍ അനുവദിച്ചു. പെര്‍മിറ്റ് ഫീസ് അടച്ചയാളുകള്‍ക്ക് ശനിയാഴ്‌ച തന്നെ സിസ്റ്റം ജനറേറ്റഡ് പെര്‍മിറ്റ് ഓണ്‍ലൈനില്‍ ലഭ്യമാക്കി. മറ്റുള്ളവര്‍ക്ക് ഫീസ് അടച്ചാലുടന്‍ പെര്‍മിറ്റ് ലഭ്യമാകും.
മികച്ച പ്രതികരണങ്ങള്‍: തിരുവനന്തപുരം-8, കണ്ണൂര്‍-2, കളമശേരി-1 എന്നിങ്ങനെയാണ് ആദ്യ ദിനത്തിലെ അപേക്ഷകള്‍. അവധിദിനമായിട്ടും ഞായറാഴ്‌ചയായ ഇന്നും ഓണ്‍ലൈനില്‍ രണ്ട് അപേക്ഷകളെത്തുകയും ഇവ രണ്ടും പാസാകുകയും ചെയ്‌തു. തിരുവനന്തപുരത്തും തൃശൂരിലുമാണ് ഈ അപേക്ഷകള്‍. ഫീസ് അടയ്ക്കുന്നതിന് അനുസരിച്ച് ഈ പെര്‍മിറ്റും അപേക്ഷകന്‍റെ കയ്യിലെത്തും. പരിശോധനയും അനുമതിയും പൂര്‍ണമായും സിസ്റ്റം നിര്‍വഹിക്കുന്നു എന്നതിനാല്‍ അവധി ദിനങ്ങളിലും പെര്‍മിറ്റ് ലഭിക്കാന്‍ തടസമുണ്ടാകുന്നില്ല. മാസങ്ങള്‍ കാത്ത് നിന്ന് പെര്‍മിറ്റ് ലഭിച്ചിരുന്ന സ്ഥാനത്താണ് അപേക്ഷിച്ചാല്‍ അന്നുതന്നെ പെര്‍മിറ്റ് ലഭിച്ച് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നത്.
വീട് ഉള്‍പ്പെടെ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള ലോ റിസ്‌ക് കെട്ടിട നിര്‍മാണങ്ങള്‍ക്കാണ് ഈ സൗകര്യം ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നത്. പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസങ്ങളും ഇതുമൂലം ഒഴിവാക്കാന്‍ കഴിയുമെന്ന് ആദ്യദിനം തന്നെ തെളിയിക്കുന്നു. കൂടാതെ അഴിമതിയുടെ സാധ്യതകളും ഈ സംവിധാനം ഇല്ലാതാക്കുന്നു.
പെര്‍മിറ്റ് ലഭിക്കാന്‍: കെട്ടിട ഉടമസ്ഥരുടേയും, കെട്ടിട പ്ലാന്‍ തയാറാക്കുകയും സൂപ്പര്‍വൈസ് ചെയ്യുകയും ചെയ്യുന്ന ലൈസന്‍സി/ എംപാനല്‍ഡ് എഞ്ചിനീയര്‍മാരുടേയും സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. ആവശ്യമായ പരിശോധന സിസ്റ്റം നടത്തിയ ശേഷം ഫീസ് അടയ്ക്കാന്‍ നിര്‍ദേശിക്കും. ഫീസ് അടച്ചാല്‍ അപേക്ഷ നല്‍കുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെര്‍മിറ്റ് ലഭിച്ച് നിര്‍മാണം ആരംഭിക്കാനാകും. എന്നാല്‍ തീരദേശ പരിപാലനനിയമം, തണ്ണീര്‍ത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല കെട്ടിട നിര്‍മാണമെന്നും കെട്ടിട നിര്‍മാണ ചട്ടം പൂര്‍ണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്മൂലം അപേക്ഷയില്‍ നല്‍കണം.
മറച്ചുവച്ചാല്‍ പിടിവീഴും: അതേസമയം യഥാര്‍ത്ഥ വസ്‌തുതകള്‍ മറച്ചുവെച്ചാണ് പെര്‍മിറ്റ് നേടിയതെന്ന് തെളിഞ്ഞാല്‍ പിഴ, നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടം ഉടമ സ്വന്തം ചെലവില്‍ പൊളിച്ചുനീക്കല്‍, എംപാനല്‍ഡ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കല്‍ എന്നീ നടപടികള്‍ ഉണ്ടാകും. ആദ്യഘട്ടത്തില്‍ നഗരസഭകളില്‍ നടപ്പാക്കിയതിന്‍റെ വിലയിരുത്തല്‍ കൂടി അടിസ്ഥാനപ്പെടുത്തി അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.
2023 ഏപ്രില്‍ ഒന്ന് മുതല്‍ നഗരസഭകളില്‍ വീടുകളടക്കമുള്ള ചെറുകിട കെട്ടിടങ്ങളുടെ പെര്‍മിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പുതിയ രീതി വഴി എന്‍ജിനീയറിങ് വിഭാഗത്തിന് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും കേന്ദ്രീകരിക്കാനും കഴിയും. പൗരന്‍റെ സമയം വിലപ്പെട്ടതും നഷ്‌ടപ്പെടുന്ന സമയം യഥാര്‍ത്ഥത്തില്‍ സാമ്പത്തിക നഷ്‌ടം കൂടിയാണ്. ഈ കാഴ്‌ചപ്പാടോടെയാണ് ഈ രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം.