തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ കൊച്ചുവേളിയിൽ ഫ്ലാറ്റ് നിർമിക്കാൻ അനുമതി (rehabilitation of fishermen). ഫ്ലാറ്റ് നിർമാണം പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി (punargeham project) 37.62 കോടി രൂപയുടെ ഭരണാനുമതി നല്‍കുന്നതിന് മന്ത്രിസഭ യോഗം തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്‍റണി രാജു. പദ്ധതി പ്രകാരം 168 ഫ്ലാറ്റുകൾ നിർമിക്കാനാണ് തീരുമാനം.
ഇതിനായി തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ കടകംപള്ളി വില്ലേജിലെ കൊച്ചുവേളി പള്ളിയ്ക്ക് സമീപത്തുള്ള രണ്ട് ഏക്കർ സ്ഥലത്താകും ഫ്ലാറ്റ് നിർമിക്കുക. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫ്ലാറ്റ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ആന്‍റണി രാജു വാർത്താക്കുറിപ്പിൽ അറിയിച്ചു.
മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾ തീരപ്രദേശത്തു നിന്നും വളരെ ദൂരെയുള്ള പ്രദേശങ്ങളിലേക്ക് മാറി താമസിക്കാൻ വിമുഖത കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കൊച്ചുവേളിയിലെ സ്ഥലത്ത് തന്നെ ഫ്ലാറ്റ് നിർമിക്കാൻ തീരുമാനിച്ചതെന്നും ആന്‍റണി രാജു അറിയിച്ചു.
ലൈഫ് മിഷൻ ഫ്ലാറ്റിനു മുന്നിൽ കൂട്ടപ്രാർഥന: ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കി ഗുണഭോക്താകൾക്ക് നൽകാൻ മുഖ്യമന്ത്രിക്ക് സദ്ബുദ്ധി തോന്നാൻ ലൈഫ് ഫ്ലാറ്റിനു മുന്നിൽ മെഴുകുതിരി കത്തിച്ചു കൂട്ടപ്രാർഥന. പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് പുനരധിവാസത്തിനായി യുഎഇ സർക്കാർ പ്രഖ്യാപിച്ച സഹായം റെഡ്ക്രെസെന്‍റ് വഴി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിനായി നൽകിയതിൽ കോടികൾ അഴിമതി നടത്തിയതാണ് ഫ്ലാറ്റ് നിർമാണം നിലക്കാൻ കാരണം.
ശിവശങ്കറും, സ്വപ്‌ന സുരേഷും, മുഖ്യമന്ത്രി വരെ ഉൾപ്പെട്ട ലൈഫ് കൊള്ളയുടെ ഭാഗമായി നിർത്തിവച്ച ഫ്ലാറ്റ് നിർമാണം വർഷങ്ങൾ കഴിഞ്ഞിട്ടും തുടങ്ങാത്തിൽ പ്രതിഷേധിച്ചാണ് വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ലാറ്റിനു മുന്നിൽ മുഖ്യമന്ത്രിക്ക് നല്ലബുദ്ധി ഉദിക്കാൻ മെഴുകുതിരി കത്തിച്ചു കൂട്ടപ്രാർഥന നടത്തിയത്.
അപകട മരണങ്ങളിൽ കുറവ്, ആന്‍റണി രാജു: സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകട മരണ നിരക്കിൽ കുറവ് വന്നതിനാൽ ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടു. വിവിധ ഇൻഷുറൻസ് കമ്പനി മേധാവികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
കേരളത്തിൽ 33 ശതമാനം വാഹനങ്ങൾ ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്നാണ് മോട്ടോർ വാഹനവകുപ്പിന്‍റെ കണക്ക്. ഇരുചക്ര വാഹനങ്ങളാണ് ഇതിൽ കൂടുതൽ. രാജ്യത്തെ ആകെ വാഹനങ്ങളുടെ 52 ശതമാനവും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്നുമാണ് കണക്കുകൾ. സർക്കാരിന്‍റെ ശുപാർശ പരിഗണിക്കാമെന്ന് കമ്പനികള്‍ മന്ത്രി ആന്‍റണി രാജുവിന് ഉറപ്പുകൊടുത്തു. തിരുവനന്തപുരത്ത് ജി ഐ കൗൺസിൽ സെക്രട്ടറി ജനറൽ ഇന്ത്രജീത് സിങ് മറ്റ് ഇൻഷുറൻസ് കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണ.
ALSO READ: അപകടമില്ലെങ്കില്‍ ഇന്‍ഷ്വറന്‍സും വേണ്ട ? കണക്ക് നിരത്തി മന്ത്രി ആന്‍റണി രാജു