തിരുവനന്തപുരം: പരിഷ്‌കരിച്ച പെന്‍ഷന്‍റെ കുടിശിക നല്‍കുന്നത് വൈകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കുടിശികയിലെ രണ്ട് ഗഡുക്കളുടെ വിതരണമാണ് വൈകുക.
കുടിശിക നാല് ഗഡുക്കളായി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അത് പ്രകാരം ഏപ്രില്‍, മെയ് മാസങ്ങളില്‍ രണ്ട് ഗഡുക്കള്‍ വിതരണം ചെയ്യുകയും ചെയ്‌തിരുന്നു. ഓഗസ്റ്റ്, നവംബര്‍ മാസങ്ങളിലെ ഗഡുക്കളാണ് ഇനി വിതരണം ചെയ്യാനുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ഇനി നൽകാനുള്ള കുടിശിക വിതരണം വൈകുമെന്നാണ് ധനമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
ലോക്ക്ഡൗണ്‍ മൂലമുള്ള നികുതി നഷ്‌ടവും കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട ജിഎസ്‌ടി വിഹിതം സമയ ബന്ധിതമായി ലഭിക്കാത്തതും കണക്കെടുപ്പ് പരിധി വെട്ടിക്കുറച്ചതും സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട്. 2600 കോടി പെന്‍ഷന്‍ കുടിശികയില്‍ രണ്ട് ഗഡുക്കള്‍ വിതരണം ചെയ്തിട്ടുണ്ട്. ബാക്കി കുടിശിക നല്‍കുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.
Also Read: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി