തിരുവനന്തപുരം : എകെജി സെന്‍ററിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ് നാല് രാത്രിയും മൂന്ന് പകലും കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്ത പൊലീസിന്‍റെ ദുരൂഹമായ മെല്ലെപ്പോക്കില്‍ സംശയമുണ്ടെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് പി.സി വിഷ്‌ണുനാഥ്. പൊലീസിന്‍റെ കാവലുണ്ടായിരുന്ന സമയത്ത് ആക്രമണം നടത്തിയിട്ട് എന്തുകൊണ്ട് അക്രമിയെ പൊലീസ് തടഞ്ഞില്ല. എന്തുകൊണ്ട് പൊലീസ് വയര്‍ലെസ് മെസേജ് നല്‍കി അക്രമിയെ പിടികൂടിയില്ല.
ഈ സമയത്ത് പൊലീസിനെ ബോധപൂര്‍വം അവിടെ നിന്ന് മാറ്റിയത് ആരുടെ നിര്‍ദേശ പ്രകാരമാണെന്നും വിഷ്‌ണുനാഥ് ചോദിച്ചു. ഇപ്പോള്‍ ഏതെങ്കിലും നിരപരാധിയുടെ തലയില്‍ വച്ചുകെട്ടാനാണ് ശ്രമിക്കുന്നത്. 5 മിനിട്ടിനുള്ളില്‍ സ്ഥലത്തെത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക്, ഉത്തരവാദിത്തം കോണ്‍ഗ്രസിന്‍റെ തലയില്‍ വച്ചുകെട്ടാന്‍ തെളിവ് എവിടെ നിന്ന് ലഭിച്ചു.
Also Read: എ.കെ.ജി സെന്‍റര്‍ ആക്രമണം: അടിയന്തരപ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി
കോണ്‍ഗ്രസാണെന്ന് തെളിവുണ്ടെങ്കില്‍ ഇ.പി ജയരാജനെ പൊലീസ് ചോദ്യം ചെയ്യേണ്ടതല്ലേ. എകെജി സെന്‍ററിന്‍റെ മറ്റ് ഒന്നിനും തകരാറുണ്ടാകാതെ മൂന്ന് കല്ലുകള്‍ക്ക് മാത്രം കേടുപറ്റുന്ന രീതിയില്‍ നടത്തിയ നാനോ ആക്രമണമാണ് സംഭവിച്ചത്. ലോകത്തെ ഭീകരാക്രമണങ്ങളെ കുറിച്ച് പഠിക്കുന്ന ഭീകര വിരുദ്ധ അന്വേഷണ ഏജന്‍സികള്‍ക്ക് പുതിയ പാഠമാണ് ഈ നാനോ ആക്രമണമെന്നും പി.സി വിഷ്‌ണുനാഥ് പരിഹസിച്ചു.