തിരുവനന്തപുരം : കെ റെയിൽ പദ്ധതിക്കായി സംസ്ഥാനത്ത് സർക്കാറിന്‍റെ 'കെ ഗുണ്ടായിസം' ആണ് നടക്കുന്നതെന്ന് പി.സി.വിഷ്ണുനാഥ് എം.എല്‍.എ. പദ്ധതിയുടെ ഭാഗമായുള്ള സർവേയുടെ പേരിൽ മഞ്ഞക്കല്ലുകള്‍ കുഴിച്ചിടുന്ന ഫാസിസമാണ് നടക്കുന്നത്. പ്രതിഷേധങ്ങളെ മൃഗീയമായി നേരിടുകയാണ്. പൊലീസ് സമരക്കാരെ മർദിച്ചും കള്ളക്കേസിൽ കുരുക്കിയും ആറാടുകയാണ്.
ക്രമസമാധാനം പരിപാലിക്കാതെ പൊലീസ് മഞ്ഞ കുറ്റിക്ക് കാവൽ നിൽക്കുകയാണ്. കല്ലിടൽ നടത്താൻ എന്ത് ഹീനമായ കാര്യവും സർക്കാർ ചെയ്യുകയാണ്. കുട്ടികളുടെ മുന്നിലിട്ട് രക്ഷിതാക്കളെ തല്ലുന്നു. ഈ കുഞ്ഞുങ്ങളുടെ കണ്ണീരിനപ്പുറം എന്ത് ആഘാത പഠനമാണ് നടത്തേണ്ടത്. സർക്കാർ ഇക്കാര്യങ്ങൾ പരിഗണിക്കുന്നില്ല.
Also Read: യുക്രൈൻ: നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇന്‍റണ്‍ഷിപ്പ്
മറ്റ് സ്ഥലങ്ങളിൽ ഇത്തരം പദ്ധതിയെ എതിർക്കുന്ന സി.പി.എം കേരളത്തിൽ പദ്ധതി നടപ്പാക്കുകയാണ്. ഇത് ഇരട്ടത്താപ്പാണ്. രണ്ട് കോടി ലോകസമാധാനത്തിന്നായി മാറ്റിവച്ച കേരള ബജറ്റിൽ മലയാളികളുടെ സമാധാനം കളയാൻ 2000 കോടിയാണ് മാറ്റി വച്ചിരിക്കുന്നത്.
കെ റയിലിന് വികസനവുമായി ബന്ധമില്ല. ഇത് കമ്മിഷൻ റെയിലാണെന്നും വിഷ്ണുനാഥ് ആരോപിച്ചു. കെ റെയിൽ സംബന്ധിച്ച അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു വിഷ്ണുനാഥ്.