തിരുവനന്തപുരം : മത വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി മെയ് 20ന് പരിഗണിക്കും. സര്‍ക്കാരിന്‍റെ ഹര്‍ജിക്കെതിരെ പിസി ജോര്‍ജ് തര്‍ക്ക ഹര്‍ജി നല്‍കിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന രാഷ്‌ട്രീയ നീക്കമാണിത്. ജാമ്യത്തിലിറങ്ങിയ ശേഷം ജാമ്യവ്യവസ്ഥ ലംഘിക്കുന്ന തരത്തില്‍ യാതൊരു പ്രസ്‌താവനയും നടത്തിയിട്ടില്ല. പറഞ്ഞ കാര്യത്തിൽ ഉറച്ച് നില്‍ക്കുന്നുവെന്ന പരാമര്‍ശത്തെ പ്രോസിക്യൂഷന്‍ തെറ്റായി ചിത്രീകരിച്ചതാണ്.
കേസ് ബലപ്പെടുത്തുവാന്‍ വേണ്ടി പൊലീസ് നടത്തുന്ന പരാക്രമങ്ങളുടെ ഭാഗമാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്‌ത കേസെന്നും പിസി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ മെയ് എട്ടിന് എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലെ വിദ്വേഷ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് പി സി ജോര്‍ജിനെതിരെ പാലാരിവട്ടം പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്.
ഇതിനെതിരെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജ് എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് തടയണമെന്ന പിസി ജോര്‍ജിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ പ്രകാരമാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്.
മത കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്ന ഇത്തരം വിദ്വേഷ പരാമര്‍ശം അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണ്. നേരത്തെ തിരുവനന്തപുരത്ത് ഹിന്ദു മഹാ സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ മതവിദ്വേഷ പരാമർശത്തിനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തിരുന്നു. കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് പി.സി ജോർജ് വീണ്ടും വിദ്വേഷ പരാമർശം നടത്തിയത്.