തിരുവനന്തപുരം: പീഡന കേസിൽ മുൻ എം.എൽ.എ പി.സി ജോർജിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി.
പരാതിക്കാരിക്ക് വിശ്വാസയോഗ്യതയില്ലെന്നായിരുന്നു പി.സി ജോർജിന്‍റെ അഭിഭാഷകന്‍റെ പ്രധാനവാദം. മുൻ മുഖ്യമന്ത്രിക്കെതിരെ വരെ ആരോപണം ഉന്നയിച്ച ആളാണ് പരാതിക്കാരി. നിയമവശങ്ങളെക്കുറിച്ച് പരാതിക്കാരിക്ക് ധാരണയുണ്ടെന്നും കോടതിയിൽ വാദം ഉയർന്നു.
സമൂഹമാധ്യമങ്ങളിലും ടി.വി ചാനലുകളിലും നിരന്തരം വാർത്തകളുമായി വരുന്ന വ്യക്തിയാണ് പരാതിക്കാരി. ഇത്രയും ഗൗരവമുള്ള കാര്യം എന്തിന് ഒളിച്ചു വച്ചു. നാലുമാസം തോന്നാതിരുന്ന പീഡന കഥ ഇപ്പോൾ പറയാൻ കാരണം രാഷ്‌ട്രീയ ലക്ഷ്യങ്ങളാണ്. 70 വയസുള്ള പി.സി ജോർജിന് എതിരെ ഇതുവരെയും ഒരു സ്‌ത്രീയെ അപമാനിച്ചെന്ന കേസില്ലന്നും പി.സി.ജോർജിൻ്റെ അഭിഭാഷകൻ ശാസ്‌തമംഗലം എസ്.അജിത്‌കുമാർ വാദിച്ചു.
അതേസമയം പി.സി.ജോർജ് ചെയ്‌ത കുറ്റം കാഠിന്യം ഉള്ളതാണെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിസി ജോർജിന് ഒൻപതോളം കേസ് ഉണ്ട്. മത സ്‌പർദ്ധ വളർത്തുകയും സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ സാധ്യതയും ഉള്ള വ്യക്തിയുമാണ് പി.സി ജോർജെന്നും പ്രോസിക്യൂഷന്‍റെ വാദിച്ചു.
2022 ഫെബ്രുവരി 10നാണ് കേസിനാസ്‌പദമായ സംഭവം. പരാതിക്കാരിയെ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയ പി.സി ജോർജ് ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് എന്നാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ്.