തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പി.സി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഈരാറ്റുപേട്ടയിലെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് എ.ആര്‍.ക്യാമ്പില്‍ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പി.സി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇവയില്‍ ഐപിസി 153 എ ജാമ്യമില്ല വകുപ്പാണ്. 295 എ വകുപ്പ് സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുമാണ്. പൊലീസ് ക്യാമ്പില്‍ അദ്ദേഹത്തിന്‍റെ മൊഴി ഉടന്‍ പൊലീസ് രേഖപ്പെടുത്തും. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്.
രാവിലെ 5 മണിക്ക് കസ്റ്റഡിയിലെടുത്തതിനാല്‍ വിശ്രമവും ഭക്ഷണവും അനുവദിച്ച ശേഷമാകും മൊഴിയെടുക്കല്‍. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. സുരക്ഷ പ്രശ്‌നങ്ങളുള്ളതിനാല്‍ ഡോക്‌ടറെ ക്യാമ്പില്‍ എത്തിച്ച് പരിശോധന പൂര്‍ത്തിയാക്കാനാണ് പൊലീസ് തീരുമാനം.
ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്ന് പി.സി ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കും. ഇന്ന് കോടതി അവധിയായതിനാല്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത.
READ MORE: മത വിദ്വേഷ പ്രസംഗം: പി.സി ജോർജിനെതിരെ ചുമത്തിയത് ജാമ്യമില്ല വകുപ്പുകള്‍