തിരുവനന്തപുരം: പൂഞ്ഞാറില്‍ സ്വതന്ത്രനായി കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച തനിക്ക് ഇത്തവണ ജയിക്കാന്‍ കോണ്‍ഗ്രസിന്‍റെ ആവശ്യമില്ലെന്ന് ജനപക്ഷം നേതാവ് പിസി ജോർജ്. ഇനിയും തന്‍റെ കോലം കത്തിക്കലുമായി കോണ്‍ഗ്രസ് രംഗത്തു വന്നാല്‍ അടുത്ത നേതാവിനെതിരെ പലതും പുറത്തു പറയുമെന്നും പിസി ജോർജ് ആരോപിച്ചു. ഉമ്മന്‍ചാണ്ടി മാന്യമായി മറുപടി പറഞ്ഞ സ്ഥിതിക്ക് ഇനി കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. ഒരുമിച്ചുനീങ്ങാമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതുകൊണ്ടാണ് ഒടുവില്‍ തയ്യാറായത്. താന്‍ യു.ഡി.എഫില്‍ ചേരാന്‍ തയ്യാറായപ്പോള്‍ അവര്‍ വഞ്ചിച്ചു. പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിക്കാമെന്ന് പറഞ്ഞ് അപമാനിച്ചു. തനിക്ക് സ്വതന്ത്രനായി മത്സരിക്കാന്‍ യു.ഡി.എഫിന്‍റെ പിന്തുണ ആവശ്യമില്ല. ഒന്നര വര്‍ഷം മുന്‍പ് എം.എല്‍.എ ആയ മാണി സി കാപ്പന് രണ്ട് അസംബ്ലി സീറ്റും യു.ഡി.എഫ് ഘടക കക്ഷി സ്ഥാനവും നല്‍കിയിരിക്കുകയാണെന്നും പിസി ജോർജ് പറഞ്ഞു.
ബി.ജെ.പി മോശം എന്നഭിപ്രായമില്ല. കെ.സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ ബി.ജെ.പി നല്ലമുന്നേറ്റമുണ്ടാക്കുന്നുണ്ട്. വി.മുരളീധരന്‍, കുമ്മനം രാജശേഖരന്‍, എം.ടി.രമേശ്, പി.കെ.കൃഷ്ണദാസ് എന്നിവര്‍ ജനങ്ങളെ സ്‌നേഹിക്കുന്ന നല്ല നേതാക്കളാണെന്നും പി.സി.ജോര്‍ജ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു.