തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായിരുന്ന പഴവിള രമേശൻ ഓർമ്മയായിട്ട് ഒരാണ്ട്. കവിയെക്കുറിച്ചുള്ള പ്രമുഖരുടെ ഓർമ്മകൾ ഉൾപ്പെടുത്തി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച "അണയാത്ത ജ്വാല" എന്ന എന്ന പുസ്തകം സ്മൃതിദിനത്തിൽ പ്രകാശനം ചെയ്‌തു. പഴവിള രമേശന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കവി പ്രഭാവർമ്മയ്ക്കു നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
നിലപാടുകൾ ധീരതയോടെ വെളിപ്പെടുത്തിയ കവിയായിരുന്നു പഴവിള രമേശനെന്ന് കടകംപള്ളി അനുസ്മരിച്ചു. അദ്ദേഹത്തിന്‍റെ പേരിലുള്ള വെബ് സൈറ്റിന്‍റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. നാടക ഗാനരചയിതാവായി സാഹിത്യ പ്രവർത്തനം ആരംഭിച്ച പഴവിള രമേശൻ പിന്നീട് കവിതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മാളൂട്ടി, അങ്കിൾബൺ, ഞാറ്റടി തുടങ്ങിയ ചലച്ചിത്രങ്ങളിൽ പാട്ടെഴുതി. ഇടതു സഹയാത്രികനായിരുന്ന അദ്ദേഹം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായാണ് വിരമിച്ചത്.