തിരുവനന്തപുരം: പട്ടത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സാന്ദ്ര (20) വിഷാദ രോഗിയായിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴി. രണ്ടു വർഷമായി സാന്ദ്ര വിഷാദ രോഗത്തിന് മരുന്നു കഴിച്ചിരുന്നതായാണ് കുടുംബം നല്‍കിയ മൊഴി. കൂടുതൽ സമയം മൊബൈലുമായി ഇടപഴകുകയായിരുന്നു സാന്ദ്രയുടെ ശീലം എന്നും ബന്ധുക്കൾ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം അന്വേഷണം കൂടുതൽ ഊർജിതമാക്കുമെന്നും മരണം ആത്മഹത്യയാണോ കൊലപാതകം ആണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും മ്യൂസിയം പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് ബിരുദധാരിയായ സാന്ദ്രയെ വീടിന്‍റെ താഴെ നിലയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായിൽ ടേപ്പ് ഒട്ടിച്ച് മൂക്കിൽ ക്ലിപ്പുമിട്ട നിലയിലായിരുന്നു സാന്ദ്രയെ കണ്ടെത്തിയത്.
മുറിയിൽ നിന്നും പുറത്ത് വരാതിരുന്നതോടെ പിതാവ് സേവ്യറും സാന്ദ്രയുടെ സഹോദരനും ചേർന്ന് വാതിൽ തള്ളി തുറന്ന് നോക്കുകയായിരുന്നു. ഉടൻതന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൊബൈൽ ഗെയിം പ്രധാന വിനോദമായിരുന്ന സാന്ദ്ര രണ്ടുവർഷമായി വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.
പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. സാന്ദ്രയുടെ മുറിയും സാധനങ്ങളും നിലവിൽ പൊലീസ് നിയന്ത്രണത്തിലാണ്.