തിരുവനന്തപുരം: മോഡറേഷൻ തിരിമറിയിൽ കർശന നടപടികളുമായി കേരള സർവകലാശാല. ക്രമക്കേട് നടന്ന പരീക്ഷ വിഭാഗത്തിലെ ജീവനക്കാരുടെ മുഴുവൻ പാസ്‌വേഡുകളും ബ്ലോക്ക് ചെയ്തു. എഴുപതോളം യൂസർ ഐഡികളും പാസ്‌വേഡുകളുമാണ് ബ്ലോക്ക് ചെയ്തത്. പരീക്ഷ വിഭാഗത്തിലെ ഓരോരുത്തർക്കും പ്രത്യേകം യൂസർ ഐഡികൾ നൽകാനും നിർദ്ദേശം.
യൂസർ ഐഡിയും പാസ്‌വേഡും വ്യവസ്ഥകളൊന്നുമില്ലാതെയാണ് പരീക്ഷ വിഭാഗത്തിൽ ഉപയോഗിക്കുന്നതെന്ന് വിദഗ്‌ധ സമിതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം വരെ ഇത്തരത്തിൽ വർഷങ്ങൾക്കു മുമ്പേ പിരിഞ്ഞു പോയവരുടെയടക്കം യൂസർ ഐഡികൾ സജീവമായിരുന്നു. രഹസ്യ സ്വഭാവമുള്ള ജോലികളിൽ ഇത്തരം രീതി തുടരുമ്പോൾ മറ്റു പരീക്ഷകളിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന സംശയമാണ് ബലപ്പെടുന്നത്.
താത്കാലിക ജീവനക്കാരുൾപ്പെടെയുള്ളവരുടെ സജീവമായിരുന്ന ഐഡികളാണ് കൂട്ടത്തോടെ റദ്ദാക്കിയത്. പരീക്ഷ വിഭാഗത്തിലെ ഓരോരുത്തർക്കും പ്രത്യേകം യൂസർ ഐഡികൾ നൽകാനാണ് തീരുമാനം. തിരിമറി നടത്തിയതാരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യം ഒഴിവാക്കാൻ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ പരീക്ഷ വിഭാഗത്തിലെ യൂസർ ഐഡിയും പാസ്‌വേഡും കൂട്ടത്തോടെ റദ്ദാക്കിയത് അടിയന്തരാവശ്യമുള്ള വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ വിതരണത്തെ ബാധിക്കുമോയെന്നും ആശങ്കയുണ്ട്.