തിരുവനന്തപുരം: പട്ടികവർഗ വിഭാഗത്തിൽ നിന്നും ശാന്തി നിയമനം നടത്തി ചരിത്രം കുറിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പാർടൈം ശാന്തി തസ്‌തികയിലേക്കാണ് നിയമനം. കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നിയമനം നടക്കുന്നത്. നേരത്തെ പട്ടികജാതി വിഭാഗത്തിൽ നിന്നും ശാന്തിക്കാരെ നിയമിച്ച് കേരളത്തിലെ ദേവസ്വം വകുപ്പ് മാതൃക കാട്ടിയിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നും 19 പേർക്കാണ് സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് മുഖേന ഇപ്പോൾ നിയമനം നൽകുന്നത്.
നേരത്തെ പട്ടികജാതി വിഭാഗത്തിൽ നിന്ന് 20 പേർക്ക് ശാന്തി നിയമനം നടത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പാർടൈം ശാന്തി തസ്‌തികയിലേക്ക് 2017 ഓഗസ്റ്റ് 23ന് റാങ്ക് ലിസ്റ്റ് നിലവിൽ വന്നിരുന്നു. എന്നാൽ അന്നത്തെ പരീക്ഷയിൽ പട്ടികജാതി പട്ടിക വർഗത്തിൽ നിന്ന് മതിയായ അപേക്ഷകൾ ലഭിച്ചിരുന്നില്ല. ആ കുറവ് നികത്തുന്നതിനായി പ്രത്യേക വിജ്ഞാപനം ഇറക്കിയാണ് ഇവരെ കൂടി ഉൾപ്പെടുത്തി നിയമനം നൽകുന്നതെന്ന് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ചെയർമാൻ ആർ.രാജഗോപാലൻ നായർ അറിയിച്ചു. നാല് ഒഴിവുകൾ പട്ടികവർഗ വിഭാഗത്തിനായി നീക്കിവച്ചിരുന്നു എങ്കിലും ഒരു അപേക്ഷ മാത്രമാണ് ലഭിച്ചത്. അതുകൊണ്ട് മാത്രമാണ് ഈ വിഭാഗത്തിൽ നിന്ന് ഒരു നിയമനം മാത്രമായത്.