തിരുവനന്തപുരം: പാർക്കിങ്ങിന് ഇടമില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി. വാഹനങ്ങളിലെത്തുന്നവർ രോഗിയെ ഒപിയിൽ ഇറക്കി പാർക്കിങ്ങിന് വീണ്ടും കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നു. അവശനിലയിലുള്ള രോഗികളാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. പാർക്കിങ്ങ് കഴിഞ്ഞ് ബന്ധു എത്തും വരെ രോഗി ഒപിയിലെ തിരക്കിൽ കാത്തിരിക്കേണ്ടി വരും. ഇത് ചിലപ്പോൾ മണിക്കൂറോളം നീളും. ഇത് അറിയാവുന്നവർ പരമാവധി നേരത്തേ എത്തി സ്ഥലം പിടിക്കും.
വളരെ കുറച്ച് വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യാവുന്ന രണ്ട് പേ ആൻഡ് പാർക്ക് കേന്ദ്രങ്ങളുണ്ട്. അവിടെ ഇടം കിട്ടാത്തവർ റോഡരികിൽ കിട്ടുന്ന സ്ഥലത്ത് പാർക്ക് ചെയ്യും. ഇതിന്‍റെ ഫലമായി രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ആംബുലൻസ് സഞ്ചരിക്കുന്ന വഴിയിലെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പ്രശ്നം രൂക്ഷമായതോടെ ആര്‍സിസിക്ക് സമീപത്തെ മൈതാനം കൂടി ഇപ്പോൾ തുറന്നുകൊടുത്തു. ആറു മാസത്തിനകം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് മൾട്ടി ലെവൽ കാർ പാർക്കിംങ്ങ് സംവിധാനമൊരുക്കുമെന്ന് തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ പറഞ്ഞു. നിത്യേന ആയിരങ്ങളാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. ഒട്ടും വൈകാതെ പ്രശ്ന പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.