തിരുവനന്തപുരം: നാളെ നടത്താൻ തീരുമാനിച്ചിരിക്കുന്ന ഹർത്താലിന് മാറ്റമില്ലെന്ന് സംയുക്ത സമരസമിതി. ഭരണഘടനാവിരുദ്ധമായ നിയമത്തെ ചെറുത്തുതോൽപ്പിക്കാൻ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിഷേധം ആവശ്യമാണ്. എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുന്നതിനാലാണ് ഹർത്താൽ പോലൊരു സമരത്തിന് മുന്നോട്ട് വന്നത്.
സമാധാനപരമായ ഹർത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘപരിവാർ നാളെ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ആശങ്കയുണ്ട്. ഇത് ജാഗ്രതയോടെ നിരീക്ഷിക്കാതെ ഹർത്താലിനെ തള്ളി പറയുകയാണ് പൊലീസ്. പൊലീസിനുള്ളിലെ ചിലരുടെ സംഘപരിവാർ അജണ്ടയാണ് പുറത്തുവരുന്നതെന്നും സംയുക്ത സമരസമിതി ആരോപിച്ചു. സമാധാനപരമായ സമരത്തിൽ കടകളടച്ച് പങ്കെടുക്കണമെന്നും സംയുക്ത സമരസമിതി അഭ്യർഥിച്ചു.