തിരുവനന്തപുരം: പമ്പയിലെ മണൽ നീക്കം ചെയ്യാൻ സർക്കാർ കരാർ നൽകിയതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുവാൻ വിജിലൻസിന് കഴിയുമോ എന്ന കാര്യത്തിൽ വിജിലൻസ് നിയമോപദേശകൻ നിലപട് കോടതിയെ അറിയിക്കും.
രാഷ്‌ട്രീയ ആരോപണങ്ങൾ നേരിടുന്ന സർക്കാരിന് മുൻ ചീഫ് സെക്രട്ടറി ഉൾപ്പെട്ട കേസിൽ വിജിലൻസ് എന്ത് നിലപാട് സ്വീകരിക്കും എന്നത് ശ്രദ്ധേയമാണ്. 2018 ലെ പ്രളയത്തിൽ പമ്പ ത്രിവേണിയിൽ അടിഞ്ഞ മണൽ നീക്കം ചെയ്യുവാൻ നിയമ വിരുദ്ധമായി കണ്ണൂരിലെ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് വഴി സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് ഹർജിയിലെ ആരോപണം.