തിരുവനന്തപുരം : കെപിസിസിയുടെ പലസ്‌തീൻ ഐക്യദാർഢ്യ റാലി നവംബർ 23 ന് കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് 4:30 ന് നടക്കും. സിപിഎമ്മിന്‍റെയും മുസ്ലിം ലീഗിന്‍റെയും പലസ്‌തീന്‍ ഐക്യദാർഢ്യ റാലികൾക്ക് ശേഷമാണ് കെപിസിസിയും കോഴിക്കോട് കടപ്പുറത്ത് പലസ്‌തീന്‍ ഐക്യദാർഢ്യ റാലിയുമായി എത്തുന്നത്. സിപിഎം റാലിയിലേക്ക് മുസ്ലീലീഗിനെ ക്ഷണിച്ചത് അടക്കമുള്ള വിവാദങ്ങൾ നിലനില്‍ക്കവെയാണ് കോൺഗ്രസ് റാലി കോഴിക്കോട് നടക്കുന്നത്. അതിനിടെ പലസ്‌തീന്‍ അനുകൂല റാലി സംഘടിപ്പിച്ചതിന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനോട് കെപിസിസി വിശദീകരണം തേടിയത് വലിയ ചർച്ചയായിരുന്നു.
അതിനിടെ സിപിഎം ക്ഷണിച്ചാല്‍ മുസ്ലീംലീഗ് പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്ന ഇടി മുഹമ്മദ് ബഷീറിന്‍റെ പ്രസ്‌താവന യുഡിഎഫില്‍ ചർച്ചയായി. കഴിഞ്ഞ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കോൺഗ്രസ്-സിപിഎം നേതാക്കൾ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങളും ഉയർന്നിരുന്നു. ഇതേ തുടർന്ന് കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും പാണക്കാട്ട് നേരിട്ടെത്തി ചർച്ച നടത്തിയിരുന്നു.
പലസ്‌തീന്‍ ജനതയുടെ ദുര്‍വിധിയെ രാഷ്ട്രീയ നേട്ടത്തിനും തെരഞ്ഞെടുപ്പ് ലാഭത്തിനുമായി ദുരുപയോഗം ചെയ്യുന്ന സിപിഎമ്മിന്‍റെ കപടത തുറന്നുകാട്ടുന്ന വേദി കൂടിയാകും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വ്യക്തമാക്കി. എംകെ രാഘവൻ ചെയർമാനും ഡിസിസി പ്രസിഡന്‍റ് അഡ്വ. പ്രവീണ്‍കുമാർ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.